International

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

“Manju”

കെയ്‌റോ: ലോകത്തെ കപ്പൽ ചരക്ക് ഗതാഗത പാതകളിൽ നിർണായകമായ സൂയസ് കനാലിൽ ഒരാഴ്ചയായി തുടരുന്ന ആശങ്കയ്ക്ക് വിരാമം. കനാലിൽ കുടുങ്ങിക്കിടന്ന എവർഗിവൺ കപ്പൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. കപ്പൽ പൂർണമായി നീക്കിയതായും ഇതുവഴിയുളള കപ്പൽ ഗതാഗതം പുനസ്ഥാപിച്ചതായും സൂയസ് കനാൽ അതോറിറ്റി ചെയർമാൻ അഡ്മിറൽ ഒസാമ റാബി അറിയിച്ചു.

കനാലിന്റെ മദ്ധ്യഭാഗത്തേക്ക് കപ്പൽ മാറ്റിയതായി ഈജിപ്ത്യൻ ടിവിയും റിപ്പോർട്ട് ചെയ്തു. വേലിയേറ്റത്തിന്റെ ആനുകൂല്യത്തിൽ ടഗ്‌ബോട്ടുകളുടെ സഹായത്തോടെ കപ്പൽ വലിച്ചുമാറ്റുന്ന ദൃശ്യങ്ങളും ടെലിവിഷൻ പുറത്തുവിട്ടു. എവർഗ്രീൻ കമ്പനിയുടെ എവർഗിവൺ എന്ന കൂറ്റൻ കപ്പലാണ് ഒരാഴ്ചയോളമായി കനാലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ ഗതിമാറിയ കപ്പൽ കനാലിന്റെ തിട്ടയിൽ ഇടിച്ച് നിശ്ചലമാകുകയായിരുന്നു. 22,4000 ടൺ ഭാരമുളള 400 മീറ്റർ നീളമുളള കപ്പൽ വലിച്ചുനീക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.

മാർച്ച് 23നാണ് ചൈനയിൽ നിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമദ്ധ്യേ എവർഗിവൺ കപ്പൽ കനാലിൽ കുടുങ്ങിയത്. സൂയസിന്റെ തെക്കേ അറ്റത്തുള്ള സിംഗിൾ ലെയിനിലാണ് എവർ ഗിവൺ സഞ്ചരിച്ചത്. ഒറ്റവരിപ്പാതയിൽ ഭീമൻ കപ്പൽ കുടുങ്ങിയതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണമായി മുടങ്ങിയിരുന്നു. ഇതോടെ 360 ഓളം ചരക്കുക്കപ്പലുകളാണ് ഇരുവശത്തും കുടുങ്ങിക്കിടന്നത്.

പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33 ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുളള സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനം വരുമിത്. കപ്പലിലെ കണ്ടെയ്‌നറുകൾ താഴെയിറക്കിയും മണൽതിട്ടകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചുകളഞ്ഞും കപ്പൽ മാറ്റാൻ ദിവസങ്ങളായി ശ്രമം നടക്കുകയായിരുന്നു.

Related Articles

Back to top button