IndiaInternationalLatest

മൃതദേഹങ്ങള്‍ ഷിപ്പിങ് കണ്ടെയ്നറില്‍ ഫ്രീസ് ചെയ്ത് മോര്‍ച്ചറിയില്‍ തിരക്കൊഴിവാക്കി ജര്‍മ്മനി; സമ്പൂര്‍ണ്ണ വിജയം നേടി മാസ്‌കും അകലവുമില്ലാതെ ക്രിസ്ത്മസ് ആഘോഷിച്ച്‌ ആസ്ട്രേലിയ.

“Manju”

ര്‍മ്മനിയില്‍ കോവിഡിന്റെ രണ്ടാംവരവിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിറഞ്ഞതോടെ മൊബൈല്‍ ഫ്രീസറുകളിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 10 മൈല്‍ അകലെയുള്ള ഹനാവുവിലെ ഒരു സെമിത്തേരിയില്‍, അടക്കവും കാത്ത് മൃതദേഹങ്ങള്‍ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്‌ച്ച ഇവിടെ 956 മരണങ്ങള്‍ രേഖപ്പെടുത്തിയതോടെയണ് കോവിഡ് ദുരന്തത്തിന്റെ ഭീകരമുഖം ദര്‍ശിക്കാനായത്. ഇന്നലെ ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 698 ആണ്.

ഇതോടെ യൂറോപ്പിലാകമാനം കോവിഡ് മരണങ്ങള്‍ 5 ലക്ഷം കടന്നു. മേഖലാടിസ്ഥാനത്തില്‍ ഇതാദ്യമായാണ് ലോകത്തിലെ ഒരു പ്രത്യേക മേഖലയില്‍ 5 ലക്ഷം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കൂടി ഇതുവരെ 4,77,404 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി 3,21,287 മരണങ്ങളും ഏഷ്യയില്‍ 2,08,149 മരണങ്ങളും മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ 85,895 മരണങ്ങളും ആഫ്രിക്കയില്‍ 57,423 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതേസമയം ഹനാവുവിലെ മൊബൈല്‍ മോര്‍ച്ചറികള്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നേരത്തെ അവിടെ എത്തിച്ചതായിരുന്നു എന്ന് ഹെഡ് ഓഫ് സെമിട്രീസ് അലക്സാന്‍ഡ്ര കിന്‍സ്‌കി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അത് ഉപയോഗിക്കേണ്ടുന്ന സാഹചര്യവും ഉണ്ടായി. മരണ നിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് ഇപ്പോള്‍ ജര്‍മ്മനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന മരണം 536 ആണ്. കൊറോണയുടെ ഒന്നാം വരവില്‍ ഇത് 233 മാത്രമായിരുന്നു. അതായത് രണ്ടാംവരവില്‍ കൊറോണയുടെ പ്രഹരശേഷി ഇരട്ടിച്ചിരിക്കുന്നു. ഇന്നലെ 26,923 പുതിയ കേസുകളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒന്നാം വരവില്‍ കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിച്ച്‌ കൈയടി നേടിയ രാജ്യമാണ് ജര്‍മ്മനി എന്നതും ശ്രദ്ധേയമാണ്.

യൂറോപ്പിലാകെ ക്രിസ്ത്മസ്സ് കാലത്ത് ജനങ്ങള്‍ കൂട്ടിലടയ്ക്കപ്പെട്ടപ്പോള്‍ ആസ്ട്രേലിയന്‍ ജനത കോവിഡില്‍ നിന്നും മുക്തരായി പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ ക്രിസ്ത്മസ്സ് ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. മാസ്‌കുകളില്ലാതെ, സാമൂഹിക അകലം പാലിക്കാതെ തെരുവുകളില്‍ ആഘോഷങ്ങള്‍ സൃഷ്ടിക്കുകയാണിവര്‍. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള വര്‍ക്ക് പാര്‍ട്ടികള്‍ ആരംഭിച്ചതോടെ തെരുവുകളില്‍ പരസ്പരം വാരിപുണര്‍ന്നും ചുംബനങ്ങള്‍ അര്‍പ്പിച്ചും നിരവധിപേരാണ് തിങ്ങിക്കൂടുന്നത്. മദ്യപിച്ച്‌ ലക്കുകെട്ട് തെരുവില്‍ വീണുകിടന്നുറങ്ങുന്നവരും കുറവല്ല.

എന്നാല്‍, ഇത് എത്രനാള്‍ കൂടി നീണ്ടുനില്‍ക്കും എന്ന് പറയാനാവില്ല. സിഡ്നിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്ബോള്‍ വടക്കന്‍ തീരദേശമേഖലയില്‍ ഏകദേശം 2,70,000 പേര്‍ അടുത്ത മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലായിരിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

Related Articles

Back to top button