IndiaLatest

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വന്‍ ഓഫറുകളുമായി ആപ്പിള്‍

“Manju”

കാലിഫോര്‍ണിയ: സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വന്‍ തുക ബോണസ് അടക്കം ആനുകൂല്യങ്ങളുമായി ആപ്പിള്‍ കമ്ബനി അധികൃതര്‍.

സിലിക്കണ്‍ ഡിസൈന്‍, ഹാര്‍ഡ്വെയര്‍, തിരഞ്ഞെടുത്ത സോഫ്റ്റ്‌വെയര്‍, ഓപ്പറേഷന്‍സ് ഗ്രൂപ്പുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വന്‍ തുക ബോണസ് അടക്കം നല്‍കുന്നത്. എഞ്ചിനീയര്‍മാരില്‍ പലര്‍ക്കും ഏകദേശം 80,000 ഡോളര്‍, അല്ലെങ്കില്‍ 120,000 ഡോളര്‍ എന്നീ നിരക്കുകളിലാണ് കമ്പനി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പിളില്‍ തുടരാന്‍ പ്രോത്സാഹനം നല്‍കുന്ന ഓഹരികള്‍ നാല് വര്‍ഷത്തിലേറെയായി നല്‍കുന്നുണ്ടെന്നും പ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് വേണ്ടി കമ്പനി വന്‍ പ്രതിഫലമാണ് നല്‍കുന്നതെന്നും ബ്ലൂംബെര്‍ഗ് പറയുന്നു.

ആപ്പിളും മെറ്റയും വ്യത്യസ്ത ബിസിനസ്സുകളായി തോന്നുമെങ്കിലും, അവ രണ്ടും വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി സ്പെയ്സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ഇരു കമ്പനികള്‍ തമ്മില്‍ വലിയ മത്സരമാണ് നിലനില്‍ക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്വന്തം സ്മാര്‍ട്ട് വാച്ച്‌ വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കിടെ മെറ്റ ആപ്പിളില്‍ നിന്ന് 100 എഞ്ചിനീയര്‍മാരെ നിയമിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഭീമനില്‍ നിന്നുള്ള പ്രധാന ജീവനക്കാരില്‍ ചിലര്‍ ആപ്പിളിലേക്കും ചുവടുമാറ്റിയിരുന്നു. മെറ്റയുടെ എആര്‍ പബ്ലിക് റിലേഷന്‍സ് ഹെഡ് ആന്‍ഡ്രിയ ഷുബെര്‍ട്ട് അടക്കം ഇതില്‍പ്പെടുന്നു.

എന്നാല്‍ ആപ്പിളിന്റെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഈ ബോണസ് ലഭിച്ചിട്ടില്ല. ചിലര്‍ കമ്ബനി വിടാന്‍ കാരണം വേര്‍തിരിവ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. സാധാരണയായി ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളവും സ്റ്റോക്ക് യൂണിറ്റുകളും ക്യാഷ് ബോണസും നല്‍കുന്നുണ്ട്.

സുപ്രധാന ഡിവിഷനുകളിലെ 10 ശതമാനം മുതല്‍ 20 ശതമാനം വരെ എന്‍ജിനീയര്‍മാര്‍ക്കാണ് അതിശയകരമായ ബോണസ് തുക നല്‍കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Back to top button