India

‘പ്രധാനമന്ത്രി സഹായിച്ചു എന്നത് സത്യമാണ്’: മീരഭായി ചാനു

“Manju”

ഇംഫാൽ: ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രിയാണ് കരുത്ത് പകർന്നതെന്ന് വെളിപ്പെടുത്തി മീരഭായി ചാനു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഒരുപാട് സഹായിച്ചു എന്നത് സത്യമാണ് ചാനു പറയുന്നു. പ്രധാനമന്ത്രിയാണ് ഒളിമ്പിക്‌സ് യാത്രയ്‌ക്കുള്ള ടിക്കറ്റുകൾ ക്രമീകരിച്ചത്. തന്നെ വൈദ്യചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് അയയ്‌ക്കുകയും ചെയ്തു. പരിശീലന സമയത്ത് നിരന്തരം പിന്തുണ നൽകിയെന്നും മീരഭായി ചാനു വെളിപ്പെടുത്തി.

നേരത്തെ ഇക്കാര്യം മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി മീര ഭായി ചാനുവും എത്തിയത്. മോദി ഭരണത്തിൽ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ബിരേൻ സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആഴ്‌ച്ച തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നും ചാനുവിന് നൽകിയ സഹായത്തിന് നന്ദി പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ടോക്ക്യോയിൽ വെള്ളി മെഡൽ നേടിയ ചാനു ഉൾപ്പെടെ രണ്ട് ഇന്ത്യൻ കായിക താരങ്ങൾക്കാണ് മികച്ച വൈദ്യസഹായവും പരിശീലനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യം മെഡൽ നേടിയ താരമാണ് ചാനു. വനിതകളുടെ 49 കിലോ ഭാരോദ്വഹന വിഭാഗത്തിലാണ് ചാനു ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയത്. മെഡൽ നേടിയ ചാനുവിന് ഇംഫാലിൽ മികച്ച സ്വീകരണമാണ് ജനങ്ങൾ നൽകിയത്.

Related Articles

Back to top button