IndiaKeralaLatest

കോവിഡ് രോഗികള്‍ക്ക് തലച്ചുമടായി വെള്ളമെത്തിച്ച്‌ ട്രൈബല്‍ പ്രമോട്ടര്‍മാര്‍

“Manju”

വെള്ളമുണ്ട, വയനാട് : ക്വാറന്‍റീനില്‍ കഴിയുന്ന ആദിവാസികളുടെ വിവരം തിരക്കാനെത്തിയപ്പോഴാണ് കോളനിയില്‍ കുടിവെള്ളം തീര്‍ന്നത് ട്രൈബല്‍ പ്രമോട്ടര്‍മാരറിയുന്നത്. വസ്ത്രം മുഷിയുമെന്നോ വെള്ളം എത്തിക്കേണ്ടത് തങ്ങളല്ലെന്നോ ഒന്നും അവര്‍ ചിന്തിച്ചില്ല. അടുത്ത വീട്ടില്‍ചെന്ന് നാല് പാത്രവും വാങ്ങി സമീപത്തെ കിണറ്റില്‍നിന്ന് തലച്ചുമടായി വെള്ളമെത്തിച്ച്‌ കോളനിയിലെ ടാങ്ക് നിറച്ചു. വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ട്രൈബല്‍ പ്രമോട്ടര്‍മാരായ ലീല ബാലന്‍, സിന്ധു വിജയന്‍, കല്യാണി, സന്ധ്യ മനോജ് എന്നിവരാണ് വെള്ളമെത്തിച്ചത്.
പഞ്ചായത്തിലെ ചെറുകര കൊടക്കാട്ട് പണിയ കോളനിയിലെ മുഴുവന്‍പേരും ക്വാറന്‍റീനിലാണ്. അഞ്ച് കുടുംബങ്ങളിലായി 23 പേരുള്ള കോളനിയില്‍ മൂന്ന് പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോളനി മുഴുവന്‍ അടച്ചുപൂട്ടി ക്ലസ്റ്ററാക്കുകയായിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിയില്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പുറത്തുനിന്ന് വെള്ളം എത്തിച്ചിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ജലവിതരണം മുടങ്ങിയതോടെ ഇവര്‍ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് പ്രമോട്ടര്‍മാര്‍ തലച്ചുമടായി വെള്ളം എത്തിച്ചുനല്‍കിയത്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക, ആദിവാസികളെ ബോധവത്കരിക്കുക, വാക്സിനേഷന് ആദിവാസികളെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്തിക്കുക തുടങ്ങിയ നിരവധി ജോലികള്‍ ചെയ്യുന്നതിനിടെയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഇവര്‍ സമയം കണ്ടെത്തുന്നത്. കോവിഡ് കാലത്ത് വലിയ സേവനമാണ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ നിര്‍വഹിക്കുന്നത്. വാര്‍ഡ്തല സമിതി, കോവിഡ് കണ്‍ട്രോള്‍ റൂം, സി.എഫ്.എല്‍.ടി.സി തുടങ്ങി എല്ലാ രംഗത്തും ഇവരുടെ സേവനം ഉണ്ട്. തനത് ഭാഷയില്‍ ആദിവാസികളെ ബോധവത്കരിക്കാനും ഇവര്‍ക്ക് കഴിയുന്നു.
വയനാട് ജില്ലയില്‍ 345ലധികം പ്രമോട്ടര്‍മാരുണ്ട്. മാനന്തവാടി താലൂക്കില്‍ മാത്രം 140 പ്രമോട്ടര്‍മാര്‍ ജോലി ചെയ്യുന്നു. കോവിഡ് ഒന്നാം തരംഗം ആദിവാസി കോളനികളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, രണ്ടാം തരംഗത്തില്‍ ഭീതിപ്പെടുത്തുംവിധം കോളനികളില്‍ രോഗം പടരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കോളനികള്‍ ക്ലസ്റ്ററുകളാണ്. അടിസ്ഥാനസൗകര്യങ്ങള്‍ കുറഞ്ഞ കോളനികളില്‍ പോസിറ്റിവ് രോഗികളെയും ക്വാറന്‍റീനില്‍ കഴിയുന്നവരെയും ശ്രദ്ധിക്കുക എന്ന വലിയ ഉത്തരവാദിത്തം പ്രമോട്ടര്‍മാരെ വലക്കുന്നുണ്ട്. കൃത്യമായി സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ രോഗികളടക്കം പുറത്തിറങ്ങാനും സാധ്യതയുണ്ട്. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് കോവിഡ് പ്രതിരോധപ്രവര്‍ത്തനം കേവല ജോലിയല്ല; സേവനവഴി കൂടിയാണ്.

Related Articles

Back to top button