IndiaLatestThiruvananthapuram

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പോസ്റ്ററിലൂടെ.., മറുപടിയും പോസ്റ്ററില്‍ തന്നെ – വൈറല്‍ പുറത്താക്കല്‍

“Manju”

കൊല്ലം: കൊല്ലം ചടയമംഗലം മലപ്പേരൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി മനേഷ് മോഹനനെന്ന യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മനേഷ് ഇക്കാര്യം അറിയുന്നത് ഒരു പോസ്റ്ററിലൂടെയാണ്. താന്‍ ജീവനുതുല്യം സ്‌നേഹിച്ച പാര്‍ട്ടിയില്‍ നിന്ന് ഇങ്ങനെയൊരു ദുരനുഭവം മനേഷ് പ്രതീക്ഷിച്ചിരുന്നില്ല. പോസ്റ്ററിലൂടെ തന്നെ പുറത്താക്കിയ ബിജെപിക്ക് മനേഷ് അതേ ഭാഷയില്‍ മറുപടി നല്‍കി. ബിജെപി ബൂത്ത് കമ്മിറ്റി പോസ്റ്റര്‍ പതിപ്പിച്ച എല്ലാ സ്ഥലങ്ങളിലും മനേഷ് മറ്റൊരു പോസ്റ്റര്‍ ഒട്ടിച്ചു.

 എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം എടുത്ത മലപ്പേരൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി നേതൃത്വത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിച്ച്‌ കൊള്ളുന്നു.

എന്ന്
മനേഷ് മോഹന്‍

മനേഷിന്റെ ഈ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബിജെപിയെ മനേഷ് പരിഹസിച്ചതാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റി. മനസിലെ വിഷമമാണ് പോസ്റ്ററിന്റെ രൂപത്തില്‍ മനേഷ് എല്ലാ മതിലുകളിലും പതിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് വലിയ വിഷമമായെന്നും അതുകൊണ്ടാണ് പോസ്റ്ററൊട്ടിച്ച്‌ ബിജെപിക്ക് നന്ദി പറഞ്ഞതെന്നും മനേഷ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. മനേഷിനെ വളരെ അടുപ്പമുള്ള വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ് ആ വ്യക്തിയെന്നാണ് മനേഷ് പറയുന്നത്. സഹോദരതുല്യനായ ഈ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മനേഷ് സജീവമായി. ഇത് ബിജെപി ബൂത്ത് കമ്മിറ്റിയെ ചൊടിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ബിജെപി ബൂത്ത് കമ്മിറ്റി ചേര്‍ന്നത്. ഈ യോഗത്തില്‍ മനേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം മനേഷ് അറിഞ്ഞിട്ടില്ല. തൊട്ടടുത്ത ദിവസം വീടിന്റെ സമീപമുള്ള ഒരു ക്ലബില്‍ നില്‍ക്കുമ്ബോഴാണ് തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച കാര്യം മനേഷ് അറിയുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുള്ള കാര്യം അച്ഛന്‍ മോഹനന്‍ പിള്ളയാണ് തന്നെ അറിയിച്ചതെന്ന് മനേഷ് പറയുന്നു.

എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ചുള്ള പോസ്റ്ററുകള്‍ പലയിടത്തും ഒട്ടിച്ചിട്ടുണ്ടെന്ന് അച്ഛനാണ് അറിയിച്ചത്. വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്. വീട്ടിലെ എല്ലാവരും കമ്യൂണിസ്റ്റ് അനുഭാവികളാണ്. ഞാന്‍ മാത്രമാണ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ എന്ത് പരിപാടിക്കും പോയിരുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നോട് പാര്‍ട്ടി ചെയ്തത് എനിക്ക് സഹിക്കാനായില്ല. എന്നെ പുറത്താക്കിയ കാര്യം ഫോണ്‍ വിളിച്ചോ നേരിട്ടോ അറിയിക്കാമായിരുന്നു. അവര്‍ അതുപോലും ചെയ്തില്ല. പോസ്റ്ററുകള്‍ കണ്ടപ്പോള്‍ വലിയ വിഷമമായി. വീട്ടില്‍ വിഷമിച്ചിരിക്കുന്ന എന്നോടാണ് അച്ഛനാണ് ബിജെപിക്ക് നന്ദി പറഞ്ഞ് വേറെ പോസ്റ്ററൊട്ടിക്കാന്‍ പറഞ്ഞത്,” മനേഷ് പറഞ്ഞു.

അച്ഛന്‍ പറഞ്ഞതുകേട്ട് മനേഷ് പോസ്റ്ററുകള്‍ ഒട്ടിച്ചു. ബിജെപി പോസ്റ്റര്‍ പതിച്ച എല്ലായിടത്തും മനേഷും മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് പോസ്റ്റര്‍ പതിച്ചത്. ഏകദേശം 20 പോസ്റ്ററുകള്‍ ഇങ്ങനെ ഒട്ടിച്ചെന്ന് മനേഷ് പറയുന്നു. ചടയമംഗലത്ത് ഓട്ടോറിക്ഷ ഡ്രെെവറാണ് 25 കാരനായ മനേഷ്. തന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്ര വലിയ ഹിറ്റായ കാര്യം മനേഷ് ഇപ്പോഴാണ് അറിയുന്നത്. എന്നാല്‍, പാര്‍ട്ടിയെ ട്രോളാനല്ല മറിച്ച്‌ വിഷമം കൊണ്ടാണ് ഇത് ചെയ്തതെന്ന് മനേഷ് ആവര്‍ത്തിച്ചുപറയുന്നു.

ചെറുപ്പം മുതല്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് മനേഷ്. എന്നാല്‍, ഇനി ബിജെപിയിലേക്ക് ഇല്ലെന്നാണ് മനേഷ് പറയുന്നത്. ഇനി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും മനേഷ് പറഞ്ഞു.

Related Articles

Back to top button