International

യുഎസ് സേനയെ ആക്രമിക്കാൻ അഫ്ഗാൻ പോരാളികൾക്ക് ചൈനയുടെ പാരിതോഷികം?

“Manju”

വാഷിങ്ടൻ ∙ യുഎസുമായുള്ള സംഘർഷം പലതലത്തിൽ വർധിക്കുന്നതിനിടെ, ചൈന ‘ഒളിപ്പോരും’ നടത്തുന്നതായി ആക്ഷേപം. യുഎസ് സൈനികരെ ആക്രമിക്കാൻ അഫ്ഗാനിസ്ഥാനിലെ പോരാളികൾക്കു ചൈന പാരിതോഷികം നൽകിയെന്നു ന്യൂയോർക്ക് ടൈംസ് ന്യൂസ് സർവീസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഇടപെടലിനെപ്പറ്റി രഹസ്യവിവരം ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറയുന്നു. യുഎസും അഫ്ഗാനിസ്ഥാനും താലിബാൻ, അൽ ഖായിദ, ഐഎസ് തുടങ്ങിയ ഭീകര, ക്രിമനൽ സംഘങ്ങൾക്കെതിരായ പോരാട്ടത്തിലാണ്.

യുഎസിനെതിരായ ആക്രമണങ്ങൾക്കു റഷ്യ പാരിതോഷികം നൽകുന്നുണ്ടെന്ന സിഐഎ നിഗമനത്തെ നേരത്തെ തള്ളിയ ട്രംപ് പക്ഷേ, ചൈനയുടെ കാര്യത്തിൽ മറിച്ചാണു നിലപാടെടുത്തത്. അതേസമയം, ചൈന എങ്ങനെയാണ്, എന്താണ് പാരിതോഷികം നൽകിയതെന്നോ ഇതുപ്രകാരം ഏതെങ്കിലും യുഎസ് പൗരനോ സൈനികനോ നേരെ ആക്രമണമുണ്ടായോ എന്നീ കാര്യങ്ങളിൽ വ്യക്തതയില്ല. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ചു ധാരാളം വിവരങ്ങൾ ശേഖരിച്ചു. പക്ഷേ മിക്കവയും അസത്യമോ തെറ്റിദ്ധരിപ്പിക്കുന്നവയോ ആണ്.

പുറത്തുവന്ന വിവരങ്ങളിൽ, ചൈനയുടെ ഇടപെടലിനെപ്പറ്റി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയനുമായി ട്രംപ് സംസാരിച്ചതുമുണ്ട്. ഇക്കാര്യം യുഎസ് അധികൃതരും സ്ഥിരീകരിച്ചു. ജോ ബൈഡന്റെ നേതൃത്വത്തിൽ പുതിയ ഭരണകൂടം വരാനിരിക്കെ, ചൈനയുമായുള്ള നിലപാടിൽ മയമുണ്ടാകുമെന്ന നിഗമനങ്ങൾക്കിടെയാണ് ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഉൾപ്പെടെ ട്രംപ് സർക്കാരിലെ മിക്ക ഉന്നത ഉദ്യോഗസ്ഥരും ചൈനയ്ക്കുമേൽ കൂടുതൽ സമ്മർദം ചെലുത്തണം എന്ന അഭിപ്രായക്കാരാണ്.

ട്രംപും റാറ്റ്ക്ലിഫും പോലുള്ളവർ ചൈനയെ ആണു യുഎസിന്റെ ശത്രുപക്ഷത്തു നിർത്തുന്നത്. എന്നാൽ, മറുവിഭാഗം റഷ്യയാണു വലിയ ശത്രു എന്നാണു കരുതുന്നത്. കംപ്യൂട്ടർ ഹാക്കിങ്ങും അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഉൾപ്പെടെയുള്ള നീക്കങ്ങളാണു റഷ്യയുടെ ഭാഗത്തുനിന്നുള്ളതെന്നും ഇവർ വാദിക്കുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥർക്കുനേരെ അടുത്തിടെ സൈബർ ആക്രമണം നടന്നു. ‘എന്തു സംഭവിച്ചാലും റഷ്യ, റഷ്യ, റഷ്യ എന്നു മന്ത്രിക്കരുത്. ചൈനയ്ക്ക് ചെയ്തുകൂടെ എന്നുള്ള സാധ്യത കൂടി (മാധ്യമങ്ങൾ) ചർച്ച ചെയ്യണം’ എന്നായിരുന്നു ഈ സംഭവത്തിൽ ട്രംപിന്റെ ട്വീറ്റ്.

 

Related Articles

Back to top button