KeralaLatest

ജേക്കബിന്റെ പാര്‍ട്ടി നിലവിലില്ലെന്ന് യുഡിഎഫ് സെക്രട്ടറി ! പരാതിയുമായി ജോണി നെല്ലൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍

“Manju”

തിരുവനന്തപുരം: അനൂപ് ജേക്കബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി നിലവിലില്ലെന്ന പരാതിയുമായി ജോണി നെല്ലൂര്‍. യുഡിഎഫിന്റെ ഭാഗമായ അനുപിന്റെ പാര്‍ട്ടി ഇല്ലെന്നു ചൂണ്ടിക്കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് യുഡിഎഫിന്റെ സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍. നിലവില്‍ പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന് ഒപ്പമാണ് ജോണി നെല്ലൂര്‍.

ജോണി നെല്ലൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ അനൂപിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പാര്‍ട്ടി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

ചെയര്‍മാനായിരുന്ന താന്‍ പാര്‍ട്ടി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് നിലവിലില്ലെന്നാണ് നെല്ലൂരിന്റെ പരാതി. 2018 ഫെബ്രുവരി 24-നു കോട്ടയത്തു ചേര്‍ന്ന സംസ്ഥാന സമിതിയാണ് അനൂപിനെ പാര്‍ട്ടി ലീഡറായും നെല്ലൂരിനെ ചെയര്‍മാനായും തെരഞ്ഞെടുത്തത്. പാര്‍ട്ടി ഭരണഘടനപ്രകാരം പദവികള്‍ 2021 ഫെബ്രുവരി 23 വരെ നിലനില്‍ക്കും.

ഇതിനിടെയാണു ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. ചെയര്‍മാനെന്ന നിലയില്‍ പാര്‍ട്ടി പിരിച്ചുവിട്ട് ജോസഫ് വിഭാഗത്തില്‍ ലയിച്ചെന്നാണു നെല്ലൂരിന്റെ വാദം. എന്നാല്‍ ജോസഫ് വിഭാഗത്തില്‍ ചേരാനുറച്ച നെല്ലൂരിനെ സംസ്ഥാന സമിതി പുറത്താക്കുകയായിരുന്നെന്ന് അനൂപ് ജേക്കബും പറയുന്നു.

ഈ വിവാദങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയതിനിടെയാണ് അനൂപിനെ ലക്ഷ്യമിട്ട് ജോണി നെല്ലൂരിന്റെ പുതിയ നീക്കം. നെല്ലൂരിന്റെ നടപടിക്കെതിരേ അനൂപ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ ഉണ്ടായ തര്‍ക്കവും തോരഞ്ഞെടുപ്പ് കമ്മീഷനിലെ കേസുമൊക്കെയാണ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. പുതിയ സംഭവ വികാസം അനൂപിനെക്കൂടി ഇടതു മുന്നണിയിലേക്ക് എത്തിക്കുമോ എന്ന ആശങ്കയും യുഡിഎഫ് നേതാക്കള്‍ക്കിടയിലുണ്ടാക്കിയിട്ടുണ്ട്.

അതിനിടെ അനൂപ് ജേക്കബ് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. പിറവം സീറ്റ് കിട്ടിയാല്‍ മുന്നണി വിട്ട് പുറത്തുവരാമെന്നു അനൂപ് ചില ഇടതു കേന്ദ്രങ്ങള്‍ക്ക് ഉറപ്പു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

അതിനിടെ യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള അനൂപിനെ തല്‍ക്കാലം പിണക്കുന്നത് ഗുണമാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍. അതുകൊണ്ടുതന്നെ പ്രശ്‌ന പരിഹാരത്തിനായി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button