IndiaKeralaLatest

നരേന്ദ്ര മോദി ഇന്ന് വീണ്ടും ബംഗാളിലെത്തും

“Manju”

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചിമ ബംഗാളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടുമെത്തും. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് അദ്ദേഹം ബംഗാളിലെത്തുന്നത്. തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതേ തുടര്‍ന്ന് മോദി പങ്കെടുക്കുന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുമെന്നാണ് വിവരം.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്‌ കഴിഞ്ഞ ജനുവരി 23ന് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത മമതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയതിനെ മമത നിശിതമായി വിമര്‍ശിച്ചിരുന്നു. മമത ബാനര്‍ജി പ്രസംഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ മമത പ്രസംഗിക്കാന്‍ തയ്യാറായില്ല.

സര്‍ക്കാര്‍ ചടങ്ങാണിതെന്നും എല്ലാവരും അച്ചടക്കം പാലിക്കണമെന്നും മമത പറഞ്ഞു. അപമാനിക്കാനാണെങ്കില്‍ ഇവിടേക്ക് അതിഥികളെ വിളിക്കരുത്. പ്രതിഷേധ സൂചകമായി ഞാന്‍ സംസാരിക്കുന്നില്ല എന്ന് പറഞ്ഞ് മമത ഇരിപ്പിടത്തിലേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു. മോദിയും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കറുമെല്ലാമുള്ള വേദിയിലായിരുന്നു ഈ സംഭവം. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ഹാല്‍ദിയ ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ മോദിക്കൊപ്പം മമത പങ്കെടുത്തേക്കില്ല. തൃണമൂല്‍ നേതാക്കളും പങ്കെടുക്കില്ല. എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ ആണ് മോദി ഹാര്‍ദിയയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുക. മോദി ഇന്ന് അസമിലും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം. അസം, ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Related Articles

Back to top button