IndiaLatest

കര്‍ഷക സമരം കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി; കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

“Manju”

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി.

ന്യൂഡെല്‍ഹി: കര്‍ഷക സമരം കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഈ നിലപാടെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു. വാദം പുരോഗമിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു.

പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമഭേദഗതിയില്‍ വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചകള്‍ വേണമെന്ന് സര്‍ക്കാരും നിയമഭേഗതി അപ്പാടെ പിന്‍വലിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നത്.

കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും അറിയിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില്‍ കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.

Related Articles

Back to top button