KeralaLatest

കേരളത്തിന് ആശ്വാസം; അധിക വായ്പ എടുക്കാന്‍ കേന്ദ്രസർക്കാരിന്റെ അനുമതി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നല്‍കി അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ക്കാണ് വായ്പ എടുക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച്‌ കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം പോകുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. സാധാരണയായി ജിഡിപിയുടെ മൂന്ന് ശതമാനം വായ്പ എടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുള്ളത്. അടുത്തിടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം വായ്പ പരിധി ഉയര്‍ത്തിയിരുന്നു.

ജിഡിപിയുടെ അഞ്ചുശതമാനം വരെ വായ്പ എടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ചില ഉപാധികള്‍ പാലിച്ചാല്‍ മാത്രമേ അധിക വായ്പ എടുക്കാന്‍ അനുവദിക്കൂ. നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തണം എന്നത് അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. ഇത് പാലിച്ച പശ്ചാത്തലത്തിലാണ് കേരളത്തിന് അധിക വായ്പ അനുവദിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു സംസ്ഥാനങ്ങള്‍ക്കായി 23,000 കോടിയിലധികം രൂപ അധിക വായ്പയായി എടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. നിക്ഷേപ സൗഹൃദാന്തരീക്ഷ പട്ടികയില്‍ കേരളം പിന്നിലാണ്. പുതിയ സാഹചര്യത്തില്‍ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button