InternationalLatest

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

“Manju”

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

ശ്രീജ.എസ്

പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും . വൈകുന്നേരം കലാ അക്കാദമയിലാണ് ഉദ്ഘാടനം. കോവിഡ് സാഹചര്യത്തി ല്‍ ഉദ്ഘാടനച്ചടങ്ങിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച്‌ ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും.

ചലച്ചിത്ര മേളയില്‍ റേയുടെ പഥേര്‍ പാഞ്ചാലി, സോണാര്‍ കെല്ല, ഗരേ ബെയ്രേ,ചാരുലത, ശത്രഞ്ജ് കേ ഖിലാഡി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മരണപ്പെട്ട എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്‌വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും.

ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് സ്ഥാനം പിടിച്ചിരിക്കുന്ന സിനിമകള്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍നിന്നും ഇടംപിടിച്ച ചിത്രം.
ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), എന്നിവരും ജൂറി അംഗങ്ങളാണ്.
ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ സമാപന ചിത്രം. 15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്.

മികച്ച ചിത്രത്തിന് സുവര്‍ണമയൂര പുരസ്‌കാരം ലഭിക്കും. 40 ലക്ഷവും പ്രശസ്തിപത്രവും ഇതോടൊപ്പം നല്‍കും. മികച്ച സംവിധായകന് രജതമയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.

Related Articles

Back to top button