KeralaLatest

ഹോട്ട്‌സ്‌പോട്ട് പിന്‍വലിച്ചിട്ടും ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തതിനെതിരെ നഗരസഭാ ചെയര്‍മാന്റെ പരാതി

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂര്‍: ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപനം പിന്‍വലിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് പുനരാരംഭിക്കാത്തതിനെതിരെ നഗരസഭാ ചെയര്‍മാന്റെ പരാതി. ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്തിയിരുന്ന ആലപ്പുഴ, ഹരിപ്പാട്, താമരക്കുളം സര്‍വ്വീസുകളും ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ചെങ്ങന്നൂരിലേക്കുള്ള ബസ് സര്‍വ്വീസും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ചെങ്ങന്നൂര്‍ ഡിറ്റിഒ ജേക്കബ് മാത്യുവിന് പരാതി നല്‍കിയത്. നിയന്ത്രണങ്ങള്‍ മൂലം അന്യ ജില്ലകളിലേക്ക് സര്‍വ്വീസ് നടത്തേണ്ട എന്ന ഉത്തരവ് നിലനില്‍ക്കുന്നെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയനുസരിച്ച് ചെങ്ങന്നൂരിന്റെ തെട്ടടുത്ത സ്ഥലങ്ങള്‍ അന്യ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയ്ക്കും പന്തളത്തിനും ബസ് സര്‍വ്വീസ് അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഹോട്ട്‌സ്‌പോട്ട് ഒഴിവാക്കിയ സാഹചര്യത്തില്‍ നഗരസഭയിലെ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലേയും മറ്റ് അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുന്നവരും കെ.എസ്.ആര്‍.ടി.സി.ബസ്സ് ഇല്ലാത്തതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 24 നാണ് ചെങ്ങന്നൂര്‍ നഗരസഭയെ ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ നഗരസഭ 3-ാം വാര്‍ഡ് മാത്രം അതീവ തീവ്രമേഖലയായി പ്രഖ്യാപിച്ച് നഗരസഭയെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഹോട്ട്‌സ്‌പോട്ടില്‍ നിന്നും നഗരസഭയെ ഒഴിവാക്കിയിട്ടും ബസ് സ്റ്റാന്റ് നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ നിര്‍ത്തിവെച്ച ബസ് സര്‍വ്വീസ് കെ.എസ്.ആര്‍.ടി.സി. പുനരാരംഭിച്ചിരുന്നില്ല. വിഷയം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ജി.ഉഷാകുമാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ചെയര്‍മാന്‍ പറഞ്ഞു.

നഗരസഭാ പ്രദേശത്ത് 66 പേര്‍ നിരീക്ഷണത്തിൽ. ഇതില്‍ 48 പേര്‍ വീടുകളിലും 18 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. പ്രവാസികളായ 35 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. 74 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായും നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു.

Related Articles

Back to top button