IndiaKeralaLatest

മണ്ഡലങ്ങള്‍ കോണ്‍ഗ്രസുമായി വെച്ചുമാറും, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം, ഒരുക്കങ്ങള്‍ ആരംഭിച്ച്‌ ലീഗ്!!

“Manju”

കോഴിക്കോട്: കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ശക്തമായി ആരംഭിച്ചതിന് പിന്നാലെ മുസ്ലീം ലീഗും സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം ഉടന്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുക്കാനാണ് തീരുമാനം. അടുത്ത ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തും. ഇവരുമായി കൂടുതല്‍ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഇപ്രാവശ്യം ചില പുതിയ തീരുമാനങ്ങളുണ്ടാവും. രണ്ട് ദിവസം കൊണ്ട് തന്നെ പാര്‍ട്ടികള്‍ക്ക് വിട്ട് നല്‍കുന്ന സീറ്റുകള്‍ അടക്കമുള്ള വിഷയങ്ങള്‍ തീരുമാനിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
ഇത്തവണ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമൊപ്പം നിയമസഭയില്‍ അനുഭവ സമ്ബത്തുള്ള മുതിര്‍ന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ലീഗ് തയ്യാറാക്കുക. പികെ ഫിറോസ് അടക്കമുള്ളവരും മത്സരിച്ചേക്കും. അതേസമയം കണ്ണൂരും കോഴിക്കോടും ലീഗ് നോട്ടമിട്ടിരിക്കുന്ന കുറച്ച്‌ സീറ്റുകളുണ്ട്. ഇവയ്ക്കായി ശക്തമായ അവകാശവാദം തന്നെ ലീഗ് ഉന്നയിക്കും. കണ്ണൂര്‍ സീറ്റ് വെച്ചുമാറുന്ന കാര്യവും പരിഗണനയിലുണ്ട്.അങ്ങനെ വന്നാല്‍ അഴീക്കോടാവും വിട്ടുകൊടുക്കുക. ഇവിടെ കോണ്‍ഗ്രസിന് വിജയസാധ്യത കൂടുതലായിരിക്കുമെന്നാണ് ലീഗ് കരുതുന്നത്.
അതേസമയം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നാളെയാണ് കേരളത്തിലെത്തുന്നത്. ലൂസിനോ ഫെലേറൊ, ജി പരമേശ്വര, താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, എന്നിവരാണ് സംഘത്തിലുള്ളത്. നാളെ വൈകിട്ട് നേതൃ സംഘം യുഡിഎഫിലെ കക്ഷി നേതാക്കളെ കാണും. ഈ മാസം 27.28 തിയതികളിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുക. ലീഗ് കൂടുതല്‍ സീറ്റുകള്‍ ഈ യോഗത്തില്‍ ആവശ്യപ്പെടും. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് തിരിച്ചുവന്നത് ലീഗിന് കൂടുതല്‍ ഗുണം ചെയ്യും. കൂടുതല്‍ സീറ്റുകളെന്ന വാദത്തെ ബാലന്‍സ് ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിക്ക് അറിയാം.
ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോകാതെ പെട്ടെന്ന് ധാരണയിലാക്കാനാണ് ലീഗ് ശ്രമം. ഇതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകഗളും ആരംഭിക്കണം. വിജയസാധ്യത നോക്കിയും സമവായങ്ങളും ഭാഗമായും ചില മണ്ഡലങ്ങള്‍ തമ്മില്‍ വെച്ച്‌ മാറുന്നതിലും ആലോചനയിലുണ്ട്. മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയമെന്നതില്‍ ഊന്നിയാവും ചര്‍ച്ചകള്‍. ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും, അതിന് കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടി വിജയിക്കാനാവുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതേസമയം എംസി കമറുദ്ദീനെ ഇത്തവണ മത്സരിപ്പിക്കില്ല, ഇബ്രാഹിംകുഞ്ഞും ഉണ്ടാവില്ല. കെഎം ഷാജി കാസര്‍കോട്ടേക്ക്് മാറാനും സാധ്യതയുണ്ട്.

Related Articles

Back to top button