പി.എസ്.സി റാങ്ക് ലിസ്റ്റ്; ഒഴിവുകള്‍ നികത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പിഎസ്സിയും സ്വീകരിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.