KeralaLatest

ഐഎസ്ആര്‍ഒ ചാരക്കേസ്; ജസ്റ്റിസ് ഡി.കെ. ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

“Manju”

തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതിലെ ഗൂഡാലോചന അന്വേഷിക്കുന്ന ജസ്റ്റിസ് ഡി.കെ. ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. സെക്രട്ടേറിയറ്റ് അനക്സിലാണ് തെളിവെടുപ്പ്്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊഴി നല്‍കിയശേഷം നമ്പി നാരായണന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതിലെ ഗൂഢാലോചനയെക്കുറിച്ചു അന്വേഷിക്കുന്നതിനും നടപടി ശുപാര്‍ശ ചെയ്യുന്നതിനുമാണ് ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിയെ സുപ്രിംകോടതി നിയോഗിച്ചത്. സമിതിയുടെ ആദ്യ സിറ്റിംഗാണ് സെക്രട്ടേറിയറ്റ് അനക്സില്‍ നടന്നത്. ജസ്റ്റിസ് ഡി.കെ. ജയിന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സിറ്റിംഗില്‍ പങ്കെടുത്തു.
നമ്പി നാരായണന്റെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. നടന്ന കാര്യങ്ങളെല്ലാം സമിതിയോട് പറഞ്ഞിട്ടുണ്ടെന്നും ഇനിയും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണ്‍ പറഞ്ഞു.

നാളെയും തെളിവെടുപ്പ് തുടരും. കേസ് അന്വേഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുക്കും. കമ്മീഷന്‍ അംഗങ്ങളായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, ബി.കെ. പ്രസാദ്, കമ്മീഷന്‍ സെക്രട്ടറി പി.കെ. ജയിന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

Related Articles

Back to top button