KeralaLatestThiruvananthapuram

തൃപ്പെരുന്തുറയിൽ ഭരണം പിടിച്ചെടുത്ത് ബിജെപി.

“Manju”

 

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഭരണം പിടിച്ചെടുത്ത് ബിജെപി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ രാജിവയ്ക്കുന്നതോടെയാണ് ഈ അധികാര കൈമാറ്റം സാധ്യമാകുന്നത്. സംസ്ഥാനത്ത് ബിജെപി.യുമായി രഹസ്യസഖ്യത്തിന് സിപിഎം. ശ്രമംനടത്തുന്നതായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നതും ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ് പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല. അച്ചടക്കനടപടി ഉറപ്പായതിനെത്തുടര്‍ന്നാണു മനംമാറ്റം. ഇതോടെ ബിജെപി ഒരു പഞ്ചായത്തില്‍ കൂടി അധികാരത്തില്‍ എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് ഇത്. ഇവിടെ ബിജെപി അധികാരത്തില്‍ എത്തുന്നതിനെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് സിപിഎമ്മിന് പിന്തുണ നല്‍കിയത്.

എന്നാല്‍ കോണ്‍ഗ്രസ്-സിപിഎം ബന്ധം ചര്‍ച്ചയാക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്യ സഖ്യത്തിലാണ്. ബിജെപിയെ അകറ്റുകയെന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ എത്തുമ്ബോള്‍ ബിജെപിയെ അകറ്റാന്‍ ഇതിന് സിപിഎം തയ്യാറാകുന്നുമില്ല. വോട്ട് ചോര്‍ച്ച ഭയന്നാണ് ഇത്. ഇത് ഗുണം ചെയ്യുന്നത് ബിജെപിക്കും. ഇതിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ എല്ലാം ബിജെപി നിഷേധിക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മുമാണ് സുഹൃത്തുക്കളെന്ന് അവര്‍ പറയുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും ഇത് വ്യക്തമാണെന്നും അവര്‍ പറയുന്നു.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സിപിഎമ്മും-ബിജെപിയും ധാരണയുണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ചര്‍ച്ച നടന്നത്. അത് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. ആര്‍.എസ്.എസിന്റെ പ്രമുഖ നേതാവ് വത്സന്‍ തില്ലങ്കരിയുടെ നാടാണത്. അവിടെയാണ് ബിജെപിക്ക് 2000 വോട്ടോളം കുറഞ്ഞതും സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചതും. ഇതിലപ്പുറം എന്ത് തെളിവാണ് വേണ്ടതെന്നും മുല്ലപ്പള്ളി ചോദിച്ചു.

Related Articles

Back to top button