IndiaLatest

വന്ദേഭാരത് ട്രെയിന്‍ പശുക്കളെ ഇടിച്ച്‌ വീണ്ടും അപകടം

“Manju”

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിന്‍ കന്നുകാലികളെ ഇടിച്ച്‌ വീണ്ടും അപകടം. ട്രെയിനിടിച്ച്‌ പശുക്കള്‍ ചത്തു. ഗാന്ധി നഗര്‍ മുംബൈ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഗുജറാത്തിലെ ഉദ്‌വാഡ, വാപി സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച്‌ പശുക്കളെ ഇടിച്ച്‌ തെറിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകുന്നേരം 6.23 ഓടെ ഉദ്‌വാഡയ്ക്കും വാപിക്കും ഇടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 ന് സമീപമാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുമിത് താക്കൂര്‍ വ്യക്തമാക്കി.

അപകടത്തില്‍ മുന്‍വശത്തെ പാനലുകള്‍ തകര്‍ന്നിട്ടുണ്ട്. പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ട്രെയിനിന് മറ്റ് തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നും സര്‍വ്വീസ് കഴിഞ്ഞ ഉടനെ തകരാറുകള്‍ പരിഹരിച്ചെന്നും സുമിത് താക്കൂര്‍ വ്യക്തമാക്കി. രണ്ടുമാസം മുമ്പാണ് ഇതുവഴി വന്ദേഭാരത് സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ അപകടമാണിത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം വൈകിയാണ് ഓടിയത്.

നേരത്തെ മൂന്ന് തവണ പാളത്തില്‍ കന്നുകാലികളുമായി കൂട്ടിയിടിച്ച്‌ ട്രെയിന്‍ കേടായിട്ടുണ്ട്. ഒക്‌ടോബര്‍ ആറിന് വത്വ, മണിനഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ നാല് പോത്തുകളെ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചിരുന്നു. അന്നും ട്രെയിനിന്‍റെ മുന്‍വശത്തെ പാനലുകള്‍ തകര്‍ന്നു. തൊട്ടടുത്ത ദിവസവും ട്രെയിന്‍ അപകടത്തില്‍പ്പെട്ടു. ആനന്ദിന് സമീപം ഒരു പശുവിനെ ട്രെയിന്‍ ഇടിച്ചിട്ടു. മറ്റൊരു സംഭവത്തില്‍ ഗുജറാത്തിലെ അതുല്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച്‌ കാളയെ ഇടിച്ച്‌ തെറിപ്പിച്ച്‌ അപകടമുണ്ടായിരുന്നു. വന്ദേഭാരത് ട്രെയിന്‍ പശുവിനെ ഇടിച്ച്‌ വീണ്ടും അപകടം.

Related Articles

Back to top button