Idukki

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റപത്രം സമർപ്പിച്ച് സിബിഐ

“Manju”

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. നെടുങ്കണ്ടം എസ്‌ഐയുൾപ്പെടെ ഒൻപത് പോലീസുകാർക്കെതിരെ എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് ഏഴ് മാസം പൂർത്തിയാകുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

നെടുങ്കണ്ടം എസ്‌ഐ കെ.എ സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രതികൾ ചേർന്ന് രാജ്കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കുറ്റം മറയ്ക്കാൻ പ്രതികൾ ചേർന്ന് വ്യാജ തെളിവുകൾ ഉണ്ടാക്കി. അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാൽ, ഡിവൈഎസ്പി ഷംസുദ്ദീൻ, ജയിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഏഴ് പോലീസുകാരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സിബിഐ ഒരു ഹെഡ് കോൺസ്റ്റബിളിനെയും, വനിതാ പോലീസിനെയും അധികമായി പ്രതിചേർക്കുകയായിരുന്നു.

Related Articles

Back to top button