KeralaLatest

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി; തീരുമാനമായി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ പി.എസ്‌.സി യോഗം അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചു മുതല്‍ ആഗസ്റ്റ് മൂന്നു വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് നാലുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചത്‌. ഫെബ്രുവരി രണ്ടുമുതല്‍ ആഗസ്റ്റ് രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകള്‍ നീട്ടാനാണ്‌ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തിരുന്നത്‌. എന്നാല്‍ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ്‌ നീട്ടുന്നത്‌. രണ്ടിനും അഞ്ചിനുമിടയില്‍ കാലാവധി തീരുന്ന ലിസ്റ്റുകള്‍ ഇല്ല.

വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച എല്‍ ഡി സി, ലാസ്റ്റ് ഗ്രേഡ്, എല്‍ഡിവി ഡ്രൈവര്‍, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള സ്റ്റാഫ് നഴ്സ്, വനംവകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സിവില്‍ സപ്ലൈസ് വകുപ്പിലെ സെയില്‍സ് അസിസ്റ്റന്റ് തുടങ്ങിയ 493 റാങ്ക് ലിസ്റ്റുകള്‍ ദീര്‍ഘിപ്പിച്ചതില്‍ ഉള്‍പ്പെടും. ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന്‌ വന്‍തോതില്‍ ജീവനക്കാര്‍ വിരമിക്കുന്നുണ്ട്‌. ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ നിയമനം ലഭിക്കുകയാണെങ്കില്‍ ആയിരക്കണക്കിന്‌ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും.

കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷാ നടത്തിപ്പ്‌ സമയക്രമത്തില്‍ മാറ്റം വന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്നതും കണക്കിലെടുത്താണ്‌ സര്‍ക്കാര്‍ തീരുമാനം. കോവിഡ് കാരണം നിയമന നടപടികളും പരീക്ഷാ നടത്തിപ്പും അടക്കം തടസ്സപ്പെടുന്നതിനാല്‍ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന്‌ ഉദ്യോഗാര്‍ഥികളും യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു.

അതേസമയം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. ‘പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സമീപിക്കുക എകെജി സെന്‍റര്‍’ എന്ന ബോര്‍ഡും യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.

Related Articles

Back to top button