IndiaKeralaLatest

പെണ്‍കുട്ടികളുടെ ചിത്രങ്ങളുമായി കൗമാരക്കാരന്‍ പിടിയില്‍

“Manju”

തൃശൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു സൗഹൃദം നടിച്ചു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന കൗമാരക്കാരന്‍ സിറ്റി സൈബര്‍ പോലീസിന്റെ പിടിയില്‍. കമ്മിഷണര്‍ ആര്‍. ആദിത്യക്കു ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊല്ലം സ്വദേശിയായ കൗമാരക്കാരന്‍ പിടിയിലായത്‌.
പെണ്‍കുട്ടികളുമായും സ്‌ത്രീകളുമായും സൗഹൃദം നടിച്ച്‌ അവരുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ കൈക്കലാക്കി മോര്‍ഫിങിലൂടെ നഗ്നചിത്രമാക്കി ഭീഷണിപ്പെടുത്തുകയാണു രീതിയെന്നു പോലീസ്‌ പറഞ്ഞു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട്‌ വിശ്വാസം നേടിയെടുക്കുന്നതാണ്‌ ആദ്യ ഘട്ടം.
ഇന്‍സ്‌റ്റഗ്രാം, ഫെയ്‌സ്ബുക്ക്‌, ടെലിഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിച്ച്‌ ഇതുപയോഗിക്കുന്നവരെ പരിചയപ്പെടും. പെണ്‍കുട്ടികളെ വിവിധ നടിമാരുടേയും നടന്മാരുടേയും ഫാന്‍സ്‌ ഗ്രൂപ്പുകളിലേക്കു ക്ഷണിക്കും. പിന്നാലെ സൗഹൃദം സ്‌ഥാപിക്കും. വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഇതിനിടെ ആവശ്യപ്പെടും. ഗ്ലാമര്‍ താരങ്ങളുടെ ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്യും. ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുമെന്നു പറഞ്ഞ്‌ സമ്മര്‍ദം തുടരുകയാണു പതിവ്‌.
പലരും ഇതില്‍ വീഴും. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ്‌ നിരവധി നഗ്നചിത്രങ്ങള്‍ കണ്ടെത്തി. കൗമാരക്കാരന്റെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നല്‍കിയ പരാതിയാണു വഴിത്തിരിവായത്‌. മറ്റു ക്രിമിനല്‍ മാഫിയകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ്‌
1 ഓണ്‍ലൈന്‍ പഠനത്തിനു കുട്ടികള്‍ക്കു നല്‍കിയ മൊബൈല്‍ഫോണുകളും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യുന്നു എന്നുറപ്പു വരുത്തുക.
2 സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കുക. ഓണ്‍ലൈനില്‍ ചെലവിടുന്ന സമയത്തിനു സ്വയം നിയന്ത്രണമേര്‍പ്പെടുത്തുക. അപരിചിതരുമായി ചങ്ങാത്തം സ്‌ഥാപിക്കരുത്‌. ഏതെല്ലാം ഉപയോഗിക്കണമെന്നും ഏതെല്ലാം ഗ്രൂപ്പുകളില്‍ അംഗമാകണമെന്നും ഏതെല്ലാം തരത്തിലുള്ള വിവരങ്ങള്‍ ആരെല്ലാമായി പങ്കിടണമെന്നും കൃത്യമായ അവബോധമുണ്ടാക്കുക.
3 ഇന്റര്‍നെറ്റില്‍ എപ്പോഴെങ്കിലും സ്വകാര്യചിത്രങ്ങള്‍ പങ്കുവെച്ചാല്‍ തിരിച്ചെടുക്കാനോ മായ്‌ച്ചു കളയാനോ കഴിയില്ല.
4 ചിത്രങ്ങള്‍ ലഭിക്കുന്നയാള്‍ ഏതു മാധ്യമത്തില്‍ സൂക്ഷിച്ചുവെക്കുന്നു എന്നോ ആരുമായി പങ്കിടുന്നുവെന്നോ എന്നിവ കണ്ടെത്തുന്നതു ദുഷ്‌കരമാണ്‌.
5. കുട്ടികള്‍ ഇടപെടുന്ന വിഷയങ്ങളിലും ഇടപഴകുന്ന ആളുകളുമായും രക്ഷിതാക്കള്‍ക്കും അറിവുണ്ടായിരിക്കണം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രക്ഷിതാക്കളുമായി പങ്കിടാന്‍ ശ്രമിക്കുക. കുട്ടികളെ അകാരണമായി ആക്ഷേപിക്കരുത്‌. അവര്‍ക്ക്‌ പറയാനുള്ളത്‌ ശ്രദ്ധയോടെ കേട്ട്‌ പരിഹാരം നിര്‍ദേശിക്കുക.
6. കൗമാരക്കാരിലെ സവിശേഷതകള്‍ ദുരുപയോഗപ്പെടുത്താന്‍ പാകത്തില്‍ കുറ്റവാളികള്‍ക്ക്‌ കുട്ടികളെ വിട്ടുനല്‍കരുത്‌.
7. സൈബര്‍ സംബന്ധമായ പരാതികളുണ്ടെങ്കില്‍ കാലതാമസം കൂടാതെ പോലീസിനെ അറിയിക്കുക.
8. കുട്ടികള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കാനും മാനസിക ധൈര്യം പകരാനും മനഃശാസ്‌ത്ര വിദഗ്‌ധരുടെ സൗജന്യ സേവനം പോലീസ്‌ ലഭ്യമാക്കിയിട്ടുണ്ട്‌. മാനസിക പിരിമുറുക്കം നേരിടുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത്‌ ഉപയോഗിക്കാം.

Related Articles

Back to top button