കൊച്ചി : സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക അടക്കമുള്ള ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തി. സീരിയല്‍ മേഖലയിലുള്ളവര്‍ക്ക് വാക്സിന് എടുത്തതിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
കേരളത്തില്‍ അനുമതിയില്ലാത്തതിനാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവര്‍ പറയുന്നു. നിര്‍മാതാക്കളും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകരും ഇതിനോടകം ഫസ്റ്റ് ഡോസ് വാക്സീന് സ്വീകരിച്ച കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.