KeralaLatest

ചട്ടമ്പിസ്വാമികളുടെ തറവാട് സംരക്ഷിത സ്മാരകമാക്കുന്നതിന് ഭരണാനുമതിയായി

“Manju”

മലയിൻകീഴ്: കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമികളിലൊരാളായ ചട്ടമ്പിസ്വാമികളുടെ തറവാട് സംരക്ഷിത സ്മാരകമാക്കാക്കുന്നതിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മലയിൻകീഴ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ മച്ചേൽ കുളങ്ങരക്കോണത്താണ് ചട്ടമ്പിസ്വാമികളുടെ മാതൃഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പൊന്നിയത്ത് വീട്ടിലെ നങ്ങാദേവിയാണ് അദ്ദേഹത്തിന്റെ മാതാവ്. ചട്ടമ്പിസ്വാമികൾ കണ്ണമ്മൂലയിലെ പിതൃഭവനത്തിലെത്തുന്നത് വരെ ശൈശവകാലം ഇവിടെയായിരുന്നു പിന്നിട്ടതെന്ന് പഴമക്കാർ പറയുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻമാരും ഈ അഭിപ്രായം ശരിവക്കുന്നുണ്ട്. ചട്ടമ്പി സ്വാമികളുടെ നാലാം തലമുറയിൽപ്പെട്ടവരുടെ കൈവശമാണ്‌ ഇപ്പോൾ ഈ ഭവനമുള്ളത്‌. ചരിത്രമുറങ്ങുന്ന ഈ വീട്‌ പൂർണ്ണമായും തകർച്ചയിലാണ്‌. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾക്ക്‌ വഴികാട്ടിയായ ചട്ടമ്പിസ്വാമികളുടെ ജീവിതചിത്രം വരുംതലമുറയ്‌ക്ക്‌ വായിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ ചരിത്ര സ്‌മാരകമായി ഈ ഭൂമിയും ഭവനവും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് ഐ.ബി.സതീഷ് എം.എൽ.എ മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. തുടർ നടപടി ക്രമങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭൂമി ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുന്നതിനായി ഇപ്പോൾ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. ഭരണാനുമതി ലഭ്യമായതോടെ യുഗപ്രഭാവനായ നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികൾക്ക്‌ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിനാവശ്യമായ നടപടികളുടെ ഒരു സുപ്രധാനഘട്ടം കടന്നതായി ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.

Related Articles

Back to top button