IndiaLatest

ലോകസ്ത്രീത്വത്തിന്റെ  പ്രതിരൂപം; സുഷമ സ്വരാജ്

“Manju”

രാജ്യം കണ്ട ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാളും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു സുഷമാ സ്വരാജ്. സുഷമാ സ്വരാജിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു സുഷമ സ്വരാജ്. സോഷ്യല്‍ മീഡിയയെ ഏറ്റവും സുതാര്യമായി കൈകാര്യം ചെയ്തും സഹായം തേടിയവരെയെല്ലാം ചേര്‍ത്ത് നിര്‍ത്തിയും അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നിരുന്നു. രുഷന്മാര്‍ നിറഞ്ഞാടുന്ന രാഷ്ട്രീയഗോദയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഷമാ സ്വരാജിന്റെ ജീവിതം എന്തുകൊണ്ടും പ്രചോദനകരമാണ്. സുഷമാ സ്വരാജിന്റെ ജന്മവാര്‍ഷികദിനമായ ഇന്ന് അവരുടെ സംഭവബഹുലമായ രാഷ്ട്രീയജീവിത ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

കൊല്ലവര്‍ഷം 1996, പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടു നടക്കുന്ന കാലം. ദക്ഷിണദില്ലിയും കവലപ്രസംഗങ്ങളാല്‍ മുഖരിതമാണ്. തെരുവിലെ ഇടുങ്ങിയ ഒരു ഗലിയുടെ മൂല വളച്ചുകെട്ടി സ്റ്റേജ് ആക്കിയിരിക്കുകയാണ്. ബിജെപിയുടെ പ്രചാരണവേദിയാണത്. ഉച്ചഭാഷിണിയില്‍ നിന്നും പുറപ്പെട്ടിരുന്ന തീക്ഷ്ണസ്വരം ഒരു സ്ത്രീയുടേതായിരുന്നു. അതെ, അത് സുഷമാ സ്വരാജിന്റെ പ്രസംഗമായിരുന്നു. സുഷമ പറഞ്ഞ ഓരോ വാക്യത്തെയും ജനം കരഘോഷങ്ങളാല്‍ എതിരേറ്റു കൊണ്ടിരുന്നു. ജനങ്ങളുടെ കയ്യടികളാണോ സുഷമയുടെ പ്രസംഗമാണോ കൂടുതല്‍ ഉച്ചത്തില്‍ കേട്ടിരുന്നത് എന്ന സംശയം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

സാമാന്യം ഉയരമുണ്ടായിരുന്നു പോഡിയത്തിന്. അതിനുപിന്നിലും, സുഷമയുടെ തല അത്യാവശ്യം ഉയരത്തില്‍ തന്നെയായിരുന്നു. അവരും മൈക്കും തമ്മില്‍ 45 ഡിഗ്രിയെങ്കിലും വ്യത്യാസം കാണും. 4′ 11″ ഉയരമുള്ള ഒരു സ്ത്രീ, ഒരു സ്റ്റാന്‍ഡേര്‍ഡ് സൈസ് പോഡിയത്തിനു പിന്നില്‍ നിന്നാല്‍ അവരെ കാണാന്‍ പോലും സാധിച്ചെന്നുവരില്ല നേരെ. സുഷമാ സ്വരാജിനെ ഈ വേദിയില്‍ വെച്ചുകാണുന്നവര്‍ പലരും അവരെ അസാമാന്യമായ ഉയരമുള്ള ഒരു സ്ത്രീ എന്ന് തെറ്റിദ്ധരിച്ചുപോയേനെ. ആ പോഡിയത്തിനു പിന്നില്‍ രണ്ടടി ഉയരത്തില്‍ ഒരു സ്റ്റൂള്‍ എടുത്തിട്ട് അതിന്മേല്‍ നിന്നായിരുന്നു സുഷമയുടെ പ്രസംഗം. ഉയരക്കുറവിനെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ സുഷമ പോകുന്നിടത്തെല്ലാം ഈ സ്റ്റൂളും കാറില്‍ അവരെ അനുഗമിക്കുമായിരുന്നു. പ്രസംഗങ്ങളില്‍ സുഷമ വേദിയിലെത്തുന്നതിന് മുമ്പുതന്നെ പോഡിയത്തിനു പിന്നില്‍ ഇത് സെറ്റ് ചെയ്യപ്പെടും. ഇങ്ങനെയൊരു പ്രവൃത്തിക്ക് കാരണം സുഷമാ സ്വരാജിന്റെ ഉയരക്കുറവായിരുന്നു. ഉയരത്തിന്റെ സാധാരണ പ്രതീക്ഷകളെക്കാളൊക്കെ വളരെക്കുറവ്. എന്നാല്‍ ഇതിനെയൊക്കെ തന്റെ പ്രഭാഷണ ചാതുരി കൊണ്ടും പ്രവര്‍ത്തനനൈപുണ്യം കൊണ്ടും മറികടക്കാനും, ജനമനസ്സുകളില്‍ വലിയൊരു നേതാവിന്റെ സ്ഥാനം ആര്‍ജിക്കാനും സുഷമയ്‌ക്കായി.

പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ തിരമാലകളെ മുറിച്ചുനീന്തി മറുകരപറ്റാന്‍ അവര്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ശീലിച്ചിരുന്നു. നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കഴിയുമെന്നത് നമ്മളെ ഏറ്റവും നന്നായി പഠിപ്പിച്ചത് സുഷമാ സ്വരാജ് ആണ്. മാസങ്ങളോളം ലോകത്തിന്റെ വിദൂരസ്ഥമായ ഏതെങ്കിലും കോണില്‍ കുടുങ്ങിക്കിടന്നിരുന്ന പല ഇന്ത്യക്കാരും സുഷമാസ്വരാജിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരൊറ്റ ട്വീറ്റിന്റെ ബലത്തില്‍ തിരികെ സുരക്ഷിതരായി നാട്ടിലെത്തി. നാലടി പതിനൊന്നിഞ്ചുകാരിയായ സുഷമാസ്വരാജിന്റെ അസാമാന്യമായ വലിപ്പത്തിനുമുന്നില്‍ ഈ ലോകത്തിനുമുഴുവന്‍ തലകുമ്ബിടേണ്ടി വന്നു. ആരോടും എവിടെയും തല ഉയര്‍ത്തിപ്പിടിച്ചു തന്നെ അവര്‍ സംസാരിച്ചു. ഭാരതത്തിന്റെ യശസ്സ് എന്നും ഉയര്‍ത്തിപ്പിടിച്ചു.

അടല്‍ ബിഹാരി വാജ്‌പേയിക്കു ശേഷം ആരെങ്കിലും തന്റെ പ്രഭാഷണചാതുരിയുടെ പേരില്‍ ബിജെപിയില്‍ അറിയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സുഷമാ സ്വരാജ് ആയിരുന്നു. വല്ലാതെ സ്റ്റൈലിഷ് ആയി സംസാരിച്ചിരുന്നു സുഷമ. ഹിന്ദി ഭാഷയില്‍ അസാമാന്യമായ വൈഭവം സിദ്ധിച്ചിരുന്ന അവര്‍ക്ക് സന്ദര്‍ഭോചിതമായി ഉര്‍ദു കവിതാശകലങ്ങളും ഉദ്ധരിച്ചുകൊണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നു. അവര്‍ മൈക്കിന് മുന്നില്‍ വന്നുകൊണ്ട് അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴൊക്കെ, ഇന്ത്യന്‍ പാര്‍ലമെന്റ് ഒരേ മനസ്സോടെ അവര്‍ക്കു പറയാനുള്ളതിന് കാതോര്‍ത്തു. 2019 ആഗസ്റ്റ് 6നാണ് വൃക്കരോഗം മൂര്‍ച്ഛിച്ച്‌ അവര്‍ ഇഹലോകവാസം വെടിഞ്ഞത്.

Related Articles

Back to top button