IndiaInternationalLatest

പ്രധാനമന്ത്രിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ശ്രീലങ്കന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. മഹീന്ദ രാജപക്‌സയുമായി ടെലിഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ഇന്നലെ വിജയകരമായി നടത്തിയതിന് അഭിനന്ദനമേകി. കോവിഡ്-19 മഹാവ്യാധി സൃഷ്ടിക്കുന്ന തടസ്സങ്ങളെ അതിജീവിച്ചും ഫലപ്രദമായി തെരഞ്ഞെടുപ്പു നടത്തിയതിന് ഗവണ്‍മെന്റിനെയും തെരഞ്ഞെടുപ്പു സ്ഥാപനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തതിന് ശ്രീലങ്കന്‍ ജനതയെ അഭിനന്ദിച്ച അദ്ദേഹം, ഇത് ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന കരുത്തുറ്റ ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നു വ്യക്തമാക്കുകയും ചെയ്തു.
പുറത്തുവരുന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പു വിജയമാണെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, ബഹുമാനപ്പെട്ട ശ്രീ. മഹീന്ദ രാജപക്‌സയെ അഭിനന്ദിക്കുകയും അതോടൊപ്പം അദ്ദേഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
നേരത്തേ നടത്തിയിട്ടുള്ള സൗഹാര്‍ദപരവും ഫലപ്രദവുമായ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ച നേതാക്കള്‍, കാലാതീതവും ബഹുതല സ്പര്‍ശിയുമായ ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പങ്കുവെച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അതിവേഗം പുരോഗതി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തിന് ഇരു നേതാക്കളും ഊന്നല്‍ നല്‍കി.
ഇന്ത്യയിലെ ബൗദ്ധ തീര്‍ഥാടന നഗരമായ കുശിനഗറില്‍ രാജ്യാന്തര വിമാനത്താവളം സ്ഥാപിച്ച കാര്യം ബഹുമാനപ്പെട്ട ശ്രീ. രാജപക്‌സയെ പ്രധാനമന്ത്രി അറിയിച്ചു. ശ്രീലങ്കയില്‍നിന്നുള്ള സന്ദര്‍ശകരെ പരമാവധി നേരത്തേ തന്നെ വരവേല്‍ക്കാന്‍ നഗരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും കോവിഡ് 19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ അടുത്ത സഹകരണം പുലര്‍ത്താന്‍ ഇരുവരും തീരുമാനിച്ചു. വരുംനാളുകളില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
(Release ID: 1643984)

Related Articles

Back to top button