Uncategorized

കളംമാറ്റിക്കളിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍

“Manju”

കൊച്ചി :സംസ്ഥാനത്തെ വാര്‍ത്താ ചാനൽ രംഗത്തെ കൂടുമാറ്റത്തിന് വീണ്ടും ചൂട് പിടിച്ചു.റിപ്പോര്‍ട്ടര്‍ ടി.വിയുടെ വില്‍പ്പനയാണ് വനമാറ്റങ്ങൾക്ക് വഴി തുറന്നത്.സംസ്ഥാനത്തെ പ്രധാന വാര്‍ത്താ അവതാരകരില്‍ ഒരാളും മീഡിയാവണിൻ്റെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാട് ചാനല്‍ വിട്ടതാണ് ശ്രദ്ധേയമായ പുതിയമാറ്റം.എം.വി.നികേഷ് കുമാറില്‍ നിന്ന് മാംഗോ മൊബൈല്‍സ് ഏറ്റെടുത്ത റിപ്പോര്‍ട്ടര്‍ ടി.വിയുടെ തലപ്പത്തേക്കാണ് മീഡിയാ വണ്‍ വിട്ടുളള സ്മൃതിയുടെ വരവ്. ഏപ്രില്‍ 1 മുതല്‍ റിപ്പോര്‍ട്ടര്‍ ടി.വിയുടെ എക്സിക്യൂട്ടിവ് എഡിറ്ററായി സ്മൃതി ചുമതലയേല്‍ക്കും.
ഇതിൻ്റെ ഭാഗമായി ഇന്നലെ മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രമോദ് രാമനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പ്രിന്‍സിനും രാജിക്കത്ത് നല്‍കി. പ്രധാന അവതരാകനായിരുന്ന അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസിലേക്ക് പോയതോടെയാണ് മീഡിയാ വണ്‍ മാനേജ്മെന്റ് മാതൃഭൂമി ന്യൂസില്‍ നിന്ന് സ്മൃതി പരുത്തിക്കാടിനെ ചാനലില്‍ എത്തിച്ചത്
ചാനലിലെ പ്രധാന അവതാരകയായും പ്രൈം ടൈം ഡിബേറ്റിൻ്റെ ചുമതലക്കാരിയുമായതിന് പിന്നാലെ മീഡിയാ വണിന് വിലക്ക് വന്നത് സ്മൃതി പരുത്തിക്കാടിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്മൃതിയുടെ വരവിന് തൊട്ടു പിന്നാലെ ചാനലിന് വിലക്ക് വന്നത് അവരുടെ ഐശ്വര്യക്കേടാണെന്ന തരത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നതാണ് അവരെ വിഷമിപ്പിച്ചത്.
വിലക്കിന് സ്റ്റേ വന്നതോടെ വീണ്ടും സജീവമായ സ്മൃതി മീഡിയാ വണിൻ്റെ മുഖമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍ വിലക്ക് സംബന്ധിച്ച്‌ സുപ്രിം കോടതിയുടെ വിധി നീണ്ടു പോകുന്നതില്‍ ചാനലിലിലെ മറ്റ് ജീവനക്കാരെ പോലെ അവര്‍ക്കും ആശങ്കയുണ്ടായിരുന്നു.
ഇതിനിടയിലാണ് നികേഷ് കുമാറില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി വാങ്ങിയ മാംഗോ മൊബൈല്‍സ് ഉടമകള്‍ സ്മൃതിയെ അവിടേക്ക് ക്ഷണിക്കുന്നത്. ഉയര്‍ന്ന ശമ്പളവും പദവിയും വാഗ്ദാനം ചെയ്തതോടെ സ്മൃതി മീഡിയാ വണ്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണ് സ്മൃതി മീഡിയാ വണില്‍ നിന്ന് റിപ്പോര്‍ട്ടറിലേക്ക് എത്തുന്നതെന്നാണ് സംസാരം .
മാതൃഭൂമിയില്‍ നിന്ന് മീഡിയാ വണില്‍ എത്തുമ്പോള്‍ 1.15 ലക്ഷം രൂപയായിരുന്നു സ്മൃതിയുടെ മാസശമ്പളം. അതിൻ്റെ ഇരട്ടി ലഭിച്ചതും മീഡിയാ വണ്‍ വിടാന്‍ പ്രേരണയായി. സ്മൃതിക്കൊപ്പം മറ്റ് വമ്പന്‍ അവതാരകരും റിപ്പോര്‍ട്ടറിലേക്ക് എത്തുമെന്നാണ് സൂചന.
24 ന്യൂസില്‍ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുണ്‍ കുമാറായിരിക്കും റിപ്പോര്‍ട്ടര്‍ ടി.വിയുടെ പുതിയ എഡിറ്റര്‍. ട്വന്റി ഫോറില്‍ നിന്ന് കേരള സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരിച്ചുപോയ അരുണ്‍ മാധ്യമരംഗത്തേക്ക് തിരിച്ചുവരാനുളള ശ്രമം നടത്തുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടി.വിയുടെ പുതിയ ഉടമകള്‍ അദ്ദേഹത്തെ സമീപിച്ചത്.
സര്‍വകലാശാലയില്‍ നിന്ന് അവധി ലഭിച്ചാല്‍ നികേഷ് കുമാറിന് പകരം അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിൻ്റെ എഡിറ്റര്‍ ഇന്‍ ചീഫായി എത്തും. എഷ്യാനെറ്റില്‍ നിന്ന് ട്വന്റി ഫോറിലേക്ക് വന്ന അവതാരക സുജയാ പാര്‍വതിയും അരുണ്‍ കുമാറിനൊപ്പം റിപ്പോര്‍ട്ടിലേക്ക് എത്തിയേക്കുമെന്നാണ് മാധ്യമരംഗത്തെ പ്രചരണം.
മാതൃഭൂമിയില്‍ നിന്ന് ഹാഷ്മി താജ് ഇബ്രാഹിം എത്തിയതോടെ ട്വന്റി ഫോറില്‍ പ്രാമുഖ്യം കുറഞ്ഞ സുജയ ഇപ്പോള്‍ ഇന്‍പുട്ട് വിഭാഗത്തിൻ്റെ ചുമതലയിലാണ്.
പി. ജയരാജന് ബുളളറ്റ് പ്രൂഫ് കാര്‍ അനുവദിച്ചെന്ന തെറ്റായ വാര്‍ത്തയുടെ അവതരണത്തിനിടെ വാര്‍ത്തയെ ന്യായീകരിക്കുന്നതിൻ്റെ ഭാഗമായി അബദ്ധം വിളമ്ബിയതിൻ്റെ പേരില്‍ ഏറെ പരിഹാസം ഏല്‍ക്കേണ്ടി വന്നതോടെ സുജയ പാര്‍വതിയുടെ പ്രതിഛായക്കും മങ്ങലേറ്റിട്ടുണ്ട്.
നികേഷ് കുമാറില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ‌ടി.വി വാങ്ങിയ മാംഗോ മൊബൈല്‍സ് ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ ചാനല്‍ ഉടച്ചുവാര്‍ക്കാനുളള പരിശ്രമത്തിൻ്റെ ഭാഗമായി ട്വന്റി ഫോര്‍ സി.ഇ.ഒ അനില്‍ അയിരൂരിനെ മാനേജ്മെന്‍റ് തലപ്പത്ത് നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.
ട്വന്‍റി ഫോര്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരുടെ വിശ്വസ്തനായിരുന്ന അനില്‍ അയിരൂരിനെ അടുത്ത കാലത്ത് പ്രധാന ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. നികേഷ് കുമാറിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടി.വി വാങ്ങിയ മാംഗോ മൊബൈല്‍സ് നേരത്തെ തന്നെ ചാനലില്‍ പങ്കാളിത്തമുളളവരാണ്.
മുട്ടില്‍ മരംമുറി കേസില്‍പെട്ട് ജയിലിലായ മാംഗോ മൊബൈല്‍സിൻ്റെ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വന്‍തുക മുടക്കി ചാനല്‍ വാങ്ങാനുളള ആസ്ഥിയുണ്ടോയെന്ന് പലരും സംശയം ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടര്‍ വാങ്ങാനുളള നീക്കത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും അഭ്യൂഹമുണ്ട്.

Related Articles

Back to top button