Latest

ചെക്ക് ഇന്‍ ബാഗേജില്ലാത്ത വിമാനയാത്രയ്ക്ക് ഇളവ്

“Manju”

ന്യൂഡല്‍ഹി: ചെക്ക് ഇന്‍ ബാഗേജ് ഒഴിവാക്കി ക്യാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയില്‍ ഇളവ് നല്‍കാന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അനുമതി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ യാത്രയില്‍ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാര്‍ പ്രസ്താവിക്കണം. ഇത് സംബന്ധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ചട്ടമനുസരിച്ച്‌ ഒരു യാത്രക്കാരന് ഏഴ് കിലോഗ്രാം ക്യാബിന്‍ ബാഗേജും 15 കിലോഗ്രാം ചെക്ക്ഇന്‍ബാഗേജും യാത്രയില്‍ കരുതാം. അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ അധിക തുക ഈടാക്കും.

സീറ്റുകളിലെ മുന്‍ഗണന, ഭക്ഷണം, പാനീയം, ലഘുഭക്ഷണം, വിശ്രമമുറി, കായികോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയ്ക്കായി ഈടാക്കുന്ന ചാര്‍ജുകളില്‍ ഇളവ് നല്‍കാനും ആഭ്യന്തരവിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ ചട്ടമനുസരിച്ച്‌ സീറോ ബാഗേജ് / നോ ചെക്ക് ഇന്‍ ബാഗേജ് ചരക്കുകൂലി സൗജന്യത്തിന് വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കും. ടിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തും. എന്നാല്‍ യാത്രാസമയത്ത് ബാഗേജ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ അധിക തുക വിമാനത്താവളത്തിലെ കൗണ്ടറില്‍ ഈടാക്കും.

യാത്രക്കാരുടെ ആവശ്യപ്രകാരമല്ലാതെ ലഭിക്കുന്ന സേവനങ്ങള്‍ക്ക് അധിക തുക ഈടാക്കുന്നതും പലപ്പോഴും ഇത്തരം സേവനങ്ങള്‍ ലഭ്യമാകാത്തതും അന്യായമാണെന്ന് യാത്രക്കാര്‍ക്കിടയില്‍ നിന്ന് പ്രതികരണം ലഭിച്ചതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം അധികസേവനങ്ങള്‍ സ്വീകരിക്കാമെന്നും പ്രസ്താവനയിലുണ്ട്. ഇത്തരം സേവനങ്ങള്‍ക്കുള്ള അധിക ചാര്‍ജ് വിമാനക്കമ്പനികള്‍ക്ക് നിശ്ചയിക്കാം.

Related Articles

Back to top button