India

ശമ്പളവും ,പെൻഷനും അവകാശമാണ് ; വൈകിയാൽ പലിശ : സുപ്രീം കോടതി

“Manju”

ന്യൂഡൽഹി : ശമ്പളവും ,പെൻഷനും വൈകിയാൽ പലിശ നൽകേണ്ടി വരുമെന്ന് സുപ്രീം കോടതി . ആന്ധ്രാ സ്വദേശിയും റിട്ട. ജില്ലാ ജ‌ഡ്ജിയുമായ ദിനവാഹി ലക്ഷ്മി കമലേശ്വരിയുടെ ഹർജിയിൽ ആന്ധ്രാ ഹൈക്കോടതിയുടെ ഉത്തരവ് ശരി വച്ചാണ് സുപ്രീം കോടതി വിധി.

പെൻഷനും ശമ്പളവും സർക്കാർ ജീവനക്കാരുടെ അവകാശമാണെന്നും, അവ വൈകി ലഭ്യമാക്കിയാൽ പലിശ കൂടി നൽകേണ്ടി വരുമെന്നുമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം .

ശമ്പളത്തിന്റെയും പെൻഷന്റെയും തുകകൾ മാറ്റി വയ്ക്കുന്ന നിർദ്ദേശം അസ്വീകാര്യമാണ്. ശമ്പളം നൽകുന്നത് സംസ്ഥാനത്തെ ജീവനക്കാർ ചെയ്യുന്ന സേവനങ്ങൾക്കാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശമ്പളം ജീവനക്കാരുടെ അവകാശമാണ്, നിയമപ്രകാരം നൽകപ്പെടണം. അതുപോലെതന്നെ, പെൻഷൻ നൽകുന്നത് സംസ്ഥാനത്തിന് നൽകിയ മുൻ‌കാല സേവനങ്ങൾ‌ക്കാണ് . അതിനാൽ പെൻ‌ഷനുകൾ‌ ജീവനക്കാരുടെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ച അവകാശത്തിന്റെ ഭാഗമാണ് – ഉത്തരവിൽ പറയുന്നു.

2018ൽ വിരമിച്ച ദിനവാഹിനി എന്ന ജഡ്ജിയാണ് ഇതുമായി ബന്ധപ്പെട്ട കേസ് നൽകിയത്. 2020ലെ ലോക്ക് ഡൗൺ കാലത്ത് പെൻഷൻ തടഞ്ഞുവച്ചതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

കൊറോണയെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പരാധീനതയിലാണെന്നും , അതുകൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.പലിശ അടയ്‌ക്കാനുള്ള ഒരു കാരണവുമില്ലെന്നും സർക്കാർ അവകാശമുന്നയിച്ചു.

വൈകി നൽകിയാൽ പെൻഷൻ അല്ലെങ്കിൽ ശമ്പളത്തുകയുടെ വാർഷിക നിരക്ക് കണക്കാക്കി അതിന് അനുപാതികമായി 12 ശതമാനം കൂട്ടുപലിശ നൽകണമെന്നായിരുന്നു ആന്ധ്രാ ഹൈക്കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി അത് ആറു ശതമാനം പലിശയാക്കി കുറയ്ക്കുകയും 30 ദിവസത്തിനകം നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.

Related Articles

Back to top button