തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പണിമൂല സ്വദേശിനി വൃന്ദയെയാണ് ഭര്‍ത്താവിന്റെ സഹോദരന് സിബിന്‍ലാല്‍ ആക്രമിച്ചത്. ഇയാള്‍ അറസ്റ്റിലായി. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃന്ദ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ എത്തിയ സിബിന്‍ലാല്‍ കയ്യില്‍ പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീകൊളുത്തിയ പന്തം എറിഞ്ഞു.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സിബിന്‍ലാലിനെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ചുവെന്ന് സിബിന്‍ലാല്‍ പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സിബിന്‍ലാല്‍ മദ്യപിച്ചെത്തി വൃന്ദയെ ഉപദ്രവിക്കുന്നത് പതിവായതോടെയാണ് അവര്‍ പോത്തന്‍കോട്ടേക്ക് താമസം മാറ്റിയത്. ഉച്ചയ്ക്ക് 12 മണിയോടെ തയ്യല്‍ക്കടയില്‍ എത്തിയായിരുന്നു ആക്രമണം. സിബിന്‍ലാലിനെ കണ്ടതോടെ വൃന്ദ കടയില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു.