IndiaLatest

റോഡ് നിര്‍മാണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി എന്‍ എച്ച്‌ എ ഐ

“Manju”

 

ശ്രീജ.എസ്

ന്യൂഡല്‍ഹി: ദേശീയ പാത നിര്‍മാണത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച്‌ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടെ വെറും 18 മണിക്കൂര്‍ കൊണ്ട് 25.54 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചതിലൂടെയാണ് ദേശീയപാത അതോറിട്ടി(എന്‍ എച്ച്‌ എ ഐ) റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് റോഡ് നിര്‍മാണത്തിലെ ഈ റിക്കോര്‍ഡ് നേട്ടം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 18 മണിക്കൂറില്‍ 25.54 കിലോമീറ്റര്‍ പുതിയ പാത നിര്‍മിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

സോലാപ്പൂര്‍ – വിജപൂര്‍ നാലുവരിപ്പാത ഈ ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായതെന്ന് വിശദീകരിച്ച മന്ത്രി ഗഢ്കരി, കരാറുകാരെയും അഭിനന്ദിച്ചു. ബെംഗളൂരു-വിജയപുര- ഔറംഗബാദ് – ഗ്വാളിയര്‍ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂര്‍ – വിജപൂര്‍ നാലുവരിപ്പാതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്.

ഈ മാസം ആദ്യം നാലുവരിപ്പാത നിര്‍മാണത്തിനിടെ 24 മണിക്കൂര്‍ സമയത്തിനകം ഏറ്റവുമധികം കോണ്‍ക്രീറ്റ് വിരിച്ചും എന്‍ എച്ച്‌ എ ഐ റെക്കോഡ് സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ നിര്‍മിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിര്‍മാണ കരാറുകാരായ പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂര്‍ണമായും ഓട്ടമാറ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ കോണ്‍ക്രീറ്റ് പേവര്‍ ഉപയോഗിച്ചുള്ള ഈ കോണ്‍ക്രീറ്റിങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലും ഇടംപിടിക്കുകയും ചെയ്തു.

Related Articles

Back to top button