International

പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ വ്യോമസേന അഭ്യാസം; യു.എ.ഇക്കൊപ്പം അമേരിക്കയും ഫ്രാൻസും പങ്കാളികൾ

“Manju”

ന്യൂഡൽഹി: പേർഷ്യൻ ഗൾഫ് മേഖലകളിൽ ആദ്യമായി ഇന്ത്യൻ പോർവിമാനങ്ങൾ ഇരമ്പിപ്പറക്കാനൊരുങ്ങുന്നു. മേഖലയിലെ സൈനിക ശക്തിയായ യു.എ.ഇയുടെ ക്ഷണമനുസരിച്ചാണ് വ്യോമാഭ്യാസവും പരിശീലനവും നടക്കുന്നത്. ഗൾഫ് മേഖലയിൽ സൈനിക സാന്നിദ്ധ്യം നിലനിർത്തിയിരിക്കുന്ന അമേരിക്കയും ഫ്രാൻസും അഭ്യാസപ്രകടനത്തിലുണ്ടാകും.

ദക്ഷിണ കൊറിയ, സൗദി അറേബ്യ, ബഹറിൻ എന്നീ രാജ്യങ്ങളുടെ വ്യോമസേനയും ഗൾഫ് മേഖലയിലെ സംയുക്താഭ്യാസത്തിൽ പങ്കാളിത്തം വഹിക്കും. മേഖലയിൽ ഇന്ത്യയുടെ ആദ്യത്തെ വ്യോമാഭ്യാസ പ്രകടനമാണ് നടക്കാൻ പോകുന്നത്. 2016ൽ അമേരിക്കയുമൊത്ത് റെഡ് ഫ്‌ലാഗ്, 2017ൽ ഇസ്രയേലുമൊത്ത് ബ്ലൂ ഫ്‌ലാഗ്, 2018ൽ ഓസ്‌ട്രേലിയയ്‌ക്കൊപ്പം പിച്ച് ബ്ലാക്ക് എന്നീ സംയുക്ത അഭ്യാസത്തിലും ഇന്ത്യ പങ്കാളിയായിട്ടുണ്ട്.

ഇന്ത്യയുടെ ആറ് സുഖോയ്-30 എം.കെ.ഐ വിമാനങ്ങളും രണ്ട് സി-17 ഗ്ലോബ് മാസ്റ്റർ -3 വിമാനങ്ങളും 125 സേനാംഗങ്ങളും പങ്കെടുക്കുമെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കയുടെ എഫ്-15, എഫ്-16, ഫ്രാൻസിന്റെ റഫേലും മിറാഷ്-2000, റഷ്യയുടെ സുഖോയി എന്നീ വിമാനങ്ങളും സംയുക്താഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും.

സംയുക്ത വ്യോമാഭ്യാസത്തിൽ പേർഷ്യൻ മേഖലയിലെ ഗ്രീസ്, ജോർദ്ദാൻ, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങൾ നിരീക്ഷകരായി ഉണ്ടാകും. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസമാണ് നടക്കുന്നത്. യു.എ.ഇയുടെ അൽ ദഫ്‌റാ വ്യോമത്താവളമാണ് കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button