India

സ്വത്തുക്കൾ കണ്ടുകെട്ടാനുളള നീക്കം: ഹൈക്കോടതിയെ സമീപിച്ച് ഫാറൂഖ് അബ്ദുളള

“Manju”

ശ്രീനഗർ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിനെതിരെയാണ് ഫാറൂഖ് അബ്ദുള്ള കോടതിയെ സമീപിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഉത്തരവ്.

2001 മുതൽ 2011 വരെ ജമ്മു കശ്മീരിന്റെ ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷനായിരിക്കെ സമിതിയിൽ അനധികൃത നിയമനങ്ങൾ നടത്തുകയും, അതുവഴി കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്യുമ്പോൾ കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 2018 ഡിസംബർ 28 നാണ് രൺബിർ പീനൽ കോഡ് നിയമ പ്രകാരം അറസ്റ്റ് ചെയ്യാതെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് 2019ലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കശ്മീരിലും, ജമ്മുവിലുമായി അന്വേഷണ സംഘം കണ്ടുകെട്ടിയ സ്വത്തുക്കളൊന്നും തന്നെ എഫ്‌ഐആറിൽ പരാമർശിച്ചിട്ടില്ല. ഇത് തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഫാറൂഖ് അബ്ദുള്ള ഹർജിയിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button