IndiaLatest

ബംഗാളിൽ 200 ക്രൂഡ് ബോംബുകൾ കണ്ടെടുത്തു; അന്വേഷണം സജീവമാക്കി പോലീസ്

“Manju”

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ 200 ക്രൂഡ് ബോംബുകൾ പോലീസ് പിടികൂടി. സൗത്ത് 24 പർഗനാസ് ജില്ലയിലെ ഭംഗാറിലാണ് സംഭവം. കാശിപൂർ പോലീസാണ് ബോംബ് ശേഖരം പിടികൂടിയത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വൻ ആയുധശേഖരം ഒളിപ്പിച്ച് വെച്ചിരിക്കുന്നതായി ആരോ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വെളളിയാഴ്ച സൗത്ത് 24 പർഗനാസ് ജില്ലയിലുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. തൃണമൂൽ പ്രവർത്തകർ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നുവെന്ന് സ്ഥിരമായി പരാതി ഉയരുന്ന പ്രദേശമാണിത്.

സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളെ സംഘർഷബാധിത മേഖലകളായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഈ രണ്ട് ജില്ലകളിലും സുരക്ഷ ശക്തമാക്കാനും കമ്മീഷൻ തീരുമാനിച്ചിരുന്നു.

തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് തൃണമൂൽ വ്യാപക അക്രമങ്ങൾക്ക് പദ്ധതിയിടുന്നതായും വൻ തോതിൽ ആയുധ സംഭരണം നടത്തുന്നതായും ബിജെപി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക.

Related Articles

Back to top button