International

ഒച്ചിന്റെ ഷെല്ലിൽ നിന്നും കോടികൾ മൂല്യമുള്ള പവിഴം

“Manju”

ബാങ്കോക്ക്: അത്താഴത്തിന് വാങ്ങിയ കടൽ വിഭവത്തിൽ നിന്നും യുവതിയെ തേടിയെത്തിയത് കോടികൾ. തായ്‌ലാൻഡ് സ്വദേശിയായ കൊചാക്കോൺ എന്ന യുവതിയെത്തേടിയാണ് ഭാഗ്യം എത്തിയത്. മാർക്കെറ്റിൽ നിന്നും വാങ്ങിയ ഒച്ചിൽ നിന്ന് യുവതിയ്ക്ക് ലഭിച്ചത് കോടികൾ മൂല്യമുള്ള പവിഴമാണ്. തനിക്ക് ലഭിച്ച പവിഴം വിൽക്കാനൊരുങ്ങുകയാണ് യുവതി.

തായ്‌ലാൻഡിലെ ഒരു പ്രാദേശിക മാർകെറ്റിൽ നിന്നാണ് 164 രൂപ നൽകി കൊചാക്കോൺ ഒച്ചുകളെ വാങ്ങിയത്. വീട്ടിലെത്തി യുവതി അവയെ മുറിയ്ക്കുന്നതിനിടെയാണ് ഒരു ഒച്ചിന്റെ ഷെല്ലിൽ നിന്നും ഓറഞ്ച് നിറത്തിലുള്ള കല്ല് കണ്ടെത്തുന്നത്. ആദ്യം വെറും കല്ലാണെന്നാണ് കരുതിയത്. 1.5 സെന്റിമീറ്റർ വ്യാസമുള്ള ആറ് ഗ്രാം ഭാരം വരുന്ന മെലോപ്പോൾ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീടാണ് യുവതി മനസിലാക്കുന്നത്.

വിലപിടിപ്പുള്ള വസ്തുവാണ് തനിക്ക് ലഭിച്ചതെന്ന് മനസിലാക്കിയ യുവതിയും കുടുംബവും സംഭവം ആദ്യം രഹസ്യമാക്കിവച്ചു. എന്നാൽ യുവതിയുടെ അമ്മയുടെ ചികിത്സയ്ക്കായി പവിഴം വിൽക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഇതോടെയാണ് വിവരം പുറത്തുവന്നത്. കൊചാക്കോണിന്റെ അമ്മയ്ക്ക് അടുത്തിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒപ്പം കാൻസർ ബാധിതയുമാണ്.

ചികിത്സാ ചെലവ് ഇനത്തിൽ ഏകദേശം 17 ലക്ഷത്തോളം രൂപയാണ് വരുന്നത്. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ പവിഴം വിറ്റ് നൽകുന്ന പണം കൊണ്ട് സാധിക്കുമെന്നാണ് കുടുംബം കരുതുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ആവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ യുവതി പവിഴം വിൽപ്പനയ്ക്ക് വച്ചിരുന്നു. തനിക്ക് ലഭിച്ച പവിഴമാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും യുവതി പറയുന്നു.

Related Articles

Back to top button