IndiaLatest

പോലീസും മന്ത്രിമാരും രാഷ്ട്രീയ പ്രവർത്തകരും നിയമത്തിന് അതീതരല്ല : ബോംബെ ഹൈക്കോടതി

“Manju”

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുൻ മുംബൈ പോലീസ് മേധാവി പരംബീർ സിംഗിനെ രൂക്ഷമായി വിമർശിച്ച് കോടതി. മന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്‌ഐആർ രേഖപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കണമെങ്കിൽ എഫ്‌ഐആർ വേണമെന്നും ആരാണ് എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ നിന്നും തടയുന്നതെന്നും പരംബീർ സിംഗിനോട് കോടതി ആരാഞ്ഞു.

പോലീസുകാരും മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം നിയമത്തിന് അതീതരാണോ എന്നും വാദത്തിനിടെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.ജെ ദത്ത ചോദിച്ചു. ‘നിങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. കുറ്റം ചെയ്തതായി കണ്ടെത്തിയാൽ എഫ്‌ഐആർ സമർപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്ന്’ കോടതി വിമർശിച്ചു. അതേസമയം അനിൽ ദേശ്മുഖിനെതിരെ ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുംബൈ സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് പരംബീർ സിംഗിനെ മാറ്റിയത്. അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് എത്തിയത്.

പരംബീർ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മുംബൈയിലെ ഹോട്ടൽ, ബാർ എന്നിവിടങ്ങളിൽ നിന്ന് നൂറു കോടി രൂപ പിരിച്ചു നൽകാൻ അംബാനിക്കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട് ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് ആവശ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നൽകിയ കത്തിലെ പ്രധാന ആരോപണം.

Related Articles

Back to top button