IndiaKeralaLatest

ഇന്ന് ഈസ്റ്റർ

“Manju”

എല്ലാ മാന്യവായനക്കാർക്കും ഈസ്റ്റർ ആശംസകൾ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മദിനമാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചയ്ക്കുശേഷം വരുന്ന ഞായറാഴ്ചയാണ്  ഈസ്റ്റർ ആചരിക്കുന്നത്.. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നത്.

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി പ്രത്യേകമായി ആഘോഷിച്ച് തുടങ്ങി.  ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സോണിയന്മാർ  ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയരീതിയും ഉണ്ട്.

ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തിനേടി ഉയിർത്തെഴുന്നേറ്റ് വരുന്നസമയത്താണ് ഈ വർഷം ഈസ്റ്റർ വന്നിരിക്കുന്നത്.  മനുഷ്യരാശിയുടെ ഉയിർപ്പിനായി ഉയിരേകി ഒന്നും ശാശ്വതമല്ലെന്നും എന്നാൽ സത്യം അനശ്വരമാണെന്നും ഓർമ്മിച്ച യേശുമഹേശന് പ്രണാമം അർപ്പിച്ചുകൊണ്ട്, ഒരിക്കൽകൂടി ഈ പുണ്യദിനം എല്ലാവരിലും ശാന്തിയും സമാധാനവും പ്രദാനംചെയ്യാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ മാന്യ വായനക്കാർക്കും ശാന്തിഗിരി ന്യൂസിന്റെ ഈസ്റ്റർ ആശംസകൾ.

വിജയകുമാർ.വി

 

Related Articles

Back to top button