ലക്നൗ : കൊറോണ പ്രതിരോധ വാക്സിന് സ്വീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ സിവില്‍ ആശുപത്രിയില്‍ എത്തിയായിരുന്നു അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
രാജ്യത്തെ എല്ലാവരും അവരവരുടെ ഘട്ടമെത്തുമ്പോള്‍ വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിര്‍ബന്ധമായും കൊറോണ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം. കൊറോണയെ ഗൗരവത്തോടെ കാണുന്നതില്‍ വീഴ്ചവരുത്തിയതിന്റെ ഫലമായിട്ടാണ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നതെന്നും യോഗി പറഞ്ഞു.
കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് കൊറോണ പ്രതിരോധവാക്സിന്‍ ലഭ്യമാക്കിയ പ്രധാനമന്ത്രിയ്ക്ക് യോഗി നന്ദി അറിയിച്ചു. രാജ്യത്തെ ഗവേഷകരോടും ഈ സന്ദര്‍ഭത്തില്‍ നന്ദി അറിയിക്കുന്നു. വാക്സിന് പൂര്‍ണ്ണമായും സുരക്ഷിതമാണ്. എല്ലാവരും വാക്സിന് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.