IndiaLatest

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് രാജിവച്ചു

“Manju”

മുംബയ്: തനിക്കെതിരായ അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച്‌ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്‌മുഖ്. മന്ത്രിക്കെതിരെ മുംബയ് മുന്‍ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് നടത്തിയ അഴിമതി ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 15 ദിവസങ്ങള്‍ക്കകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

പരം ബീര്‍ സിംഗ് മുഖ്യമന്ത്രിക്ക് നല്‍കിയ, അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണങ്ങളടങ്ങിയ പരാതിയില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഒരുകൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രിയായതിനാല്‍ അനില്‍ ദേശ്മുഖിനെതിരെ സംസ്ഥാന പൊലീസിന് സ്വതന്ത്രമായ അന്വേഷണം നടത്താനാകില്ലെന്ന് ബെഞ്ച് വിലയിരുത്തി. പൊലീസിലെ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും ഉണ്ടായ അഴിമതിയും അന്വേഷിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ആവശ്യമുണ്ട്. മുന്‍പെങ്ങുമുണ്ടാകാത്തതും അസാധാരണവുമായ തരത്തിലുളള ഒരു കേസാണിതെന്നും ഡിവിഷന്‍ ബെഞ്ച് വെളിപ്പെടുത്തി.

മുകേഷ് അംബാനിയുടെ വീടിന് സമീപത്തെ വ്യാജ ബോംബ് ഭീഷണി കേസില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയോട് അനില്‍ ദേശ്മുഖ് മാസം 100 കോടി രൂപ പിരിച്ച്‌ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് പരം ബീര്‍ സിംഗിന്റെ ആരോപണം. ഇതില്‍ 40 മുതല്‍ 50 കോടി വരെ ബാറുകളിലും റെസ്‌റ്റോറന്റുകളിലും നിന്നുമാണ് കൊണ്ടുവരേണ്ടത്. സംഭവത്തില്‍ അനില്‍ ദേശ്മുഖിനെതിരെ പരം ബീര്‍ സിംഗിന് പുറമേ അഭിഭാഷകരായ ജയശ്രീ പാട്ടീല്‍, ഘനശ്യാം ഉപാദ്ധ്യായ്, പ്രൊഫസര്‍ മോഹന്‍ ഭിഡെ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ സംഭവത്തില്‍ അനില്‍ ദേശ്മുഖിനെ പിന്തുണക്കുന്ന തരം നിലപാടാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. പരം ബീര്‍ സിംഗിന് സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടെന്നും സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ പ്രതികാരമാണ് മന്ത്രിക്കെതിരായ ഹര്‍ജിയെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. സംഭവം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കൈലാഷ് ചണ്ടിവാളിനെ ജുഡീഷ്യല്‍ കമ്മീഷനായി ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button