Kerala

കോടിയേരിയുടെ വഴി മുഖ്യമന്ത്രിയും സ്വീകരിക്കണം : കെ സുരേന്ദ്രൻ

“Manju”

ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മയക്കുമരുന്ന് – കള്ളപ്പണ കേസില്‍ മകന്‍ ബിനീഷ് കോടിയേരി കുടുങ്ങിയതോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ രാജിവച്ചത്. ദേശവിരുദ്ധ സ്വഭാവമുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും അഡീഷണല്‍ സെക്രട്ടറിയെ ഇഡി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രി രാജിവയ്ക്കാത്തത് മലയാളികളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ടീം സ്വര്‍ണക്കടത്തുകാരുമായി ബന്ധപ്പെട്ടെന്ന ഇഡിയുടെ റിപ്പോര്‍ട്ട് ഗൗരവതരമാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന് നാണംകെടും മുമ്പ് രാജിവെക്കാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി മണത്ത് നിക്കക്കള്ളിയില്ലാതെയാണ് കൊടിയേരി സ്ഥാനം ഒഴിഞ്ഞത്. അതുകൊണ്ടൊന്നും സിപിഐഎമ്മും എല്‍ഡിഎഫും രക്ഷപ്പെടില്ല. സിപിഐഎം ഉന്നത നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button