IndiaKeralaLatest

രാജ്യത്തെ കാര്‍ വിപണി കുതിച്ചു കയറുന്നു

“Manju”

ന്യൂഡെല്‍ഹി: രാജ്യത്തെ കാര്‍ വിപണി മുന്നോട്ട് കുതിക്കുമ്പോൾ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പന കുത്തനെ ഇടിഞ്ഞെന്ന് റിപോര്‍ടുകള്‍.

പാസ‍ഞ്ചര്‍ വാഹന കാര്‍ വില്‍പന 2021 മാര്‍ചില്‍ 28.39 ശതമാനമായാണ് വര്‍ദ്ധിച്ചത്. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഓടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ)യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020 മാര്‍ച്ചിലെ പാസഞ്ചര്‍ വാഹന വില്‍പന 2.17 ലക്ഷം യൂണിറ്റുകളായിരുന്നു. എന്നാല്‍ 2021 മാര്‍ച്ചില്‍ ഇത് 2.79 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. ട്രാക്‌ടറുകളാണ് 2021 മാര്‍ച്ചില്‍ നേട്ടം കുറിച്ച മറ്റൊരു വിഭാഗം. 53,463 യൂണിറ്റുകളില്‍ നിന്ന് 69,082 യൂണിറ്റുകളായാണ് വില്‍പന ഉയര്‍ന്നത്. 29.21 ശതമാനമാണ് വളര്‍ച്ച.

എന്നാല്‍ ടൂവീലര്‍, ത്രീവീലര്‍, വാണിജ്യ വാഹനം എന്നിവയുടെ മാര്‍ച്ചിലെ മൊത്തം വാഹന വില്പന 28.64 ശതമാനം ഇടിഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 18.46 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 35.26 ശതമാനം ഇടിവുമായി 11.95 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്.

ത്രീവീലര്‍ വില്പനയില്‍ 50.72 ശതമാനമാണ് ഇടിവ്. 2020 മാര്‍ച്ചില്‍ വില്‍പന 77,173 ത്രീവീലറുകള്‍ വിറ്റ സ്ഥാനത്ത് 38,034 ത്രീവീലറുകളാണ് 2021 മാര്‍ച്ചിലെ വില്‍പന.

മാര്‍ച്ചില്‍ എല്ലാ വിഭാഗം ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാര്‍ച്ചിലെ 23.11 ലക്ഷം യൂണിറ്റുകളേക്കാള്‍ 28.64 ശതമാനം കുറവ്.

ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നൊഴികെയുള്ള രാജ്യത്തെ 1,277 ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ശേഖരിച്ച രജിസ്‌ട്രേഷന്‍ കണക്കുകള്‍പ്രകാരമാണ് ഫാഡ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാന്‍ഡെന്ന സ്ഥാനം മാരുതി സുസുകി തുടരുകയാണ്. 46.26 ശതമാനമാണ് മാരുതിയുടെ വിപണി വിഹിതം. 16.34 ശതമാനവുമായി ഹ്യുണ്ടായി, 8.77 ശതമാനവുമായി ടാറ്റാ മോട്ടോഴ്‌സ്, 5.48 ശതമാനവുമായി മഹീന്ദ്ര, 5.45 ശതമാനവുമായി കിയ മോട്ടോഴ്‌സ് തുടങ്ങിയവ തൊട്ടുപിന്നിലുണ്ട്.

Related Articles

Back to top button