KeralaLatest

കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് വരുന്നു; വേണ്ടത് ശക്തമായ മുന്‍ കരുതലെന്ന് വിദഗ്ദ്ധര്‍

“Manju”

തിരുവനന്തപുരം: നിലവിലെ വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ? രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഈ സംശയം ഉയര്‍ന്നുതുടങ്ങിയത്. എറണാകുളത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ 60 പേര്‍ക്കാണ് രോഗം ബാധിച്ചത്. വാക്സിനെടുത്തെങ്കിലും കരുതല്‍ തുടരണമെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്ക് പുറമേ ഓക്സ്ഫോര്‍ഡ്, സിനോഫാം വാക്സിനുകള്‍ സ്വീകരിച്ചവരിലും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ രോ​ഗം ബാധിച്ച 44 പേര്‍ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ്. കോവാക്സിന്‍ സ്വീകരിച്ച 10 പേര്‍ക്കും സിനോഫാം വാക്സിനെടുത്ത അ‍ഞ്ചുപേര്‍ക്കും ഓക്സ്ഫോര്‍ഡ് വാക്സിനെടുത്ത ഒരാള്‍ക്കും രോ​ഗം പിടിപെട്ടിട്ടുണ്ട്. രണ്ട് തവണ ഡോസ് സ്വീകരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ‌ഏറെയും ആരോ​ഗ്യപ്രവര്‍ത്തകരാണ്. അതേസമയം, സംസ്ഥാനത്ത് പല ജില്ലകളിലും വാക്സിന്‍ ക്ഷാമം തുടരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ വാക്സിനേഷന്‍ നിറുത്തി. തിരുവനന്തപുരത്ത് 188 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 34 എണ്ണം മാത്രമാണ്.

Related Articles

Back to top button