KeralaLatest

കോവിഡ് അതിതീവ്ര വ്യാപനം; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളോട് പുര്‍ണ്ണ സജ്ജരാകാന്‍ നിര്‍ദ്ദേശം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാവിലെ പതിനൊന്നിനാണ് യോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പോലീസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും.

കോവിഡ് തീവ്ര വ്യാപനത്തില്‍ കനത്ത ആശങ്ക നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ഡൗണ്‍ തുടങ്ങി. ‌ മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പെടെ 113 വാര്‍ഡുകളെയാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച്‌ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടും. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളില്‍ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് വിധേയരാക്കും. എറണാകുളം ജില്ലയില്‍ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്ബത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം. രോഗവ്യാപനം കൂടുതലുള്ള വാര്‍ഡുകള്‍ അടച്ചിടാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button