LatestThiruvananthapuram

“ജീവിതത്തില്‍ കര്‍മ്മം മുഖ്യം ; പന്ന്യന്‍ രവീന്ദ്രന്‍

ശാന്തിഗിരി മുന്നോട്ടുവെയ്ക്കുന്നത് കര്‍മ്മത്തിലധിഷ്ഠിതമായ ജീവിതം.

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയില്‍ ഗുരുപഠിപ്പിച്ച പ്രധാനകാര്യം ജീവിതത്തില്‍ കര്‍മ്മത്തിന് പ്രാമുഖ്യം നല്‍കണമെന്നതാണെന്നും, കര്‍മ്മം നല്ലതായാല്‍ എല്ലാം പിന്നാലെ വന്നുചേര്‍ന്നുകൊള്ളുമെന്നും, ശാന്തിഗിരി മുന്നോട്ടുവെയ്ക്കുന്ന മതാതീതമായ കര്‍മ്മപ്രധാനമായ ജീവിതം ലോകത്തിന് മാതൃകയാണെന്നും സി.പി.. കണ്‍ട്രോള്‍ കമ്മിറ്റി അംഗവും മുന്‍ എംപി.യുമായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തിഗിരിയിൽ ഗുരു പറയുന്ന കാര്യങ്ങൾ നമ്മള്‍ ജീവിതത്തില്‍ പകർത്തുന്നു. ഇതിൽ മുഖ്യം കർമ്മം ചെയ്യുക എന്നതാണ്, സമൂഹത്തിനു വേണ്ടി കർമ്മം ചെയ്യുക. വിശക്കുന്നവന് ആഹാരം നല്‍കുക, ഇത് പറയുകമാത്രമല്ല പ്രാവര്‍ത്തികമാക്കുകയും ഏവര്‍ക്കും മാതൃകയാവുകയും, മറ്റുള്ളവരിലേക്ക് പകർന്ന് നല്‍കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ശാന്തിഗിരി. മതം ഏതുമാകട്ടെ, മനുഷ്യരായാൽ മതി. നവോത്ഥാനത്തിന്റെയും നന്മയുടെയും വഴിയിലേക്ക് നയിക്കുന്ന മതങ്ങളെല്ലാം ഒന്നാണ് പറയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശാന്തിഗിരിയിൽ ജാതിമതഭേദമന്യേ ഏവര്‍ക്കും കടന്ന് വരാനും, കർമ്മഭാഗത്തിലൂന്നി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ സന്യാസിമാർ എല്ലാം ഗുരുവില്‍ അർപ്പിച്ച് ഒരേ മനസ്സോടെ കർമ്മത്തിന്റെ ഏറ്റവും ശക്തമായ ‍വാ‍ഞ്ഛയോടെ നിൽക്കുന്നു. ഇങ്ങനെയുള്ള ഈ ആശ്രമം ലോകത്താകമാനം വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമുക്ക് മുന്നില്‍ കാണാവുന്നതുമാണ്. കോഴിക്കോട് ഒരു കുന്നിന്‍ മുകളില്‍ ശാന്തിഗിരി പണികഴിപ്പിച്ചിരിക്കുന്ന വിശ്വജ്ഞാനമന്ദിരത്തില്‍ പോകുവാനും അവിടുത്തെ ജനസഞ്ചയത്തെ നേരിട്ട് കാണുവാനും അവസരം ലഭിച്ചു. അവിടെ കാണാന്‍ കഴിഞ്ഞത് ജാതിമതവര്‍ണ്ണ വര്‍ഗ്ഗവ്യത്യാസങ്ങള്‍ക്കതീതമായ മനുഷ്യനെന്ന ഏകാത്മക സത്യമാണെന്നും, അതാണ് ലോകം മുന്നോട്ടുവെയ്ക്കേണ്ട ആശയമെന്നും അദ്ദേഹം പറഞ്ഞു. 10 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം ഉച്ചയ്ക്ക് 1.30 നാണ് സമാപിച്ചത്. ആശ്രമ ചടങ്ങുകളിലും മീറ്റിംഗുകളിലുമുള്ള ഭക്തജനങ്ങളുടേയും വിശ്വാസികളുടേയും പങ്കാളിത്തം എല്ലാവരാലും ആകര്‍ഷിക്കപ്പെട്ടു.

 

Related Articles

Back to top button