InternationalLatest

ട്രംപിന്റെ ഉത്തരവുകൾ ആദ്യദിനം തന്നെ തിരുത്താൻ ബൈഡൻ

“Manju”

‘മുസ്ലീം ട്രാവൽ ബാൻ’നീക്കും,മതില് പണി നിർത്തും

വാഷിങ്ടണ്‍: അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച അധികാരമേല്‍ക്കുന്ന ജോ ബൈഡന്‍ ആദ്യദിനം തന്നെ സുപ്രധാനമായ ഒട്ടേറെ ഭരണ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് സൂചന. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ ട്രംപിന്റെ വിവാദ തീരുമാനം പിന്‍വലിച്ച് ഇവ പുനസ്ഥാപിക്കാന്‍ ബൈഡന്‍ ഉത്തരവ് നല്‍കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമണിക്കൂറില്‍ തന്നെ പ്രധാനപ്പെട്ട 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പുവയ്ക്കും. അധികാരം ഒഴിയുന്ന ട്രംപിന്റെ നയങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്‍മാറി കുടിയേറ്റം, പരിസ്ഥിതി, കോവിഡ് പ്രതിരോധം, സാമ്പത്തിക മേഖല എന്നിവയില്‍ പുതിയ പ്രസിഡന്റ് പുതുവഴികള്‍ തുറന്നിടുമെന്നും ബൈഡനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ചില മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനും അനധികൃത കുടിയേറ്റം തടയാന്‍ ട്രംപ് ഉത്തരവിട്ട യുഎസ്-മെക്‌സിക്കോ മതിലിന്റെ നിര്‍മാണം നിര്‍ത്താനും ആദ്യദിനം തന്നെ ബൈഡന്‍ നിര്‍ദേശം നല്‍കിയേക്കും. അധികാരത്തിലെത്തിയാല്‍ അമേരിക്കയുടെ കുടിയേറ്റ നയത്തിനാണ് മുന്‍ഗണനയെന്ന് ബൈഡന്‍ പ്രചാരണ വേളയില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കാനും കൃത്യമായ രേഖകകളില്ലാത്ത രാജ്യത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുമുള്ള നടപടികള്‍ക്കായി യുഎസ് കോണ്‍ഗ്രസിന് പ്രത്യേക ബില്‍ അയക്കാനും ബൈഡന് പദ്ധതിയുണ്ട്. ട്രംപ് ഭരണകൂടം വരുത്തിവെച്ച ഗുരുതരമായ പ്രത്യാഘാതം മറികടക്കാനായി മാത്രമല്ല അമേരിക്കയെ മുന്നോട്ട് നയിക്കാനുള്ള നടപടികളും ബൈഡന്‍ സ്വീകരിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കി.

 

Related Articles

Back to top button