Uncategorized

ഇന്ത്യയില്‍ അടക്കം തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടല്‍

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകളില്‍ ഇസ്രായേല്‍ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ അടക്കം 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടപെടലുണ്ടായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്താന്‍ ഇസ്രായേല്‍ കരാര്‍ സംഘം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായും ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍.

വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. വാണിജ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തി. ഇന്ത്യ അടക്കം 20 രാജ്യങ്ങളിലാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ തല്‍ ഹനാനാണ് ഇതിന് നേതൃത്വം നല്‍കിയത്. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും ഫെയ്‌സ് ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തെ സമീപിച്ചത്. നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ തല്‍ ഹനാന്‍ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തി. 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഒളിക്യാമറ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും തല്‍ ഹനാന്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നും ഹനാന്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button