IndiaKeralaLatest

മൃതദേഹം സംസ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ജില്ലാ ഭരണകൂടം

“Manju”

കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാനും സംസ്‌കരിക്കാനും ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്.
കോവിഡ് രോഗികള്‍ മരിച്ചാല്‍ ആ വിവരം ആശുപത്രി അധികൃതര്‍ ഉടന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങി സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം സംസ്‌കാരം.
ഇത്തരത്തില്‍ സംസ്‌കരിക്കേണ്ട മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും സെക്രട്ടറി ചുമതലപ്പെടുത്തിയവര്‍ക്ക് വിട്ടു നല്‍കണം. മൃതദേഹം ഏറ്റുവാങ്ങുന്നവര്‍ക്കും സംസ്‌കാരം നടത്തുന്നവര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ /ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലഭ്യമാക്കണം. ഇപ്രകാരം ശവസംസ്‌കാരം നടത്തുന്ന സമയവും സ്ഥലവും പൊലീസ് സ്റ്റേഷന്‍ വഴി സെക്രട്ടറി ബന്ധുക്കളെ അറിയിക്കണം.
ജില്ലയിലെ 70 പഞ്ചായത്തുകളില്‍ 32 എണ്ണത്തിലും ഏഴു മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണത്തിലും മാത്രമാണ് പൊതുശ്മശാനമുള്ളത്. കോര്‍പ്പറേഷനില്‍ ആറു പൊതുശ്മശാനങ്ങളുണ്ട്. പൊതുശ്മശാനങ്ങളില്ലാത്ത പഞ്ചായത്തുകളില്‍ മൃതദേഹം അതതു പഞ്ചായത്ത് ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്തിലെ മറ്റേതെങ്കിലും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണം.
ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും തഹസില്‍ദാര്‍ക്കുമാണ്. അതേസമയം മൃതദേഹം ഏറ്റുവാങ്ങാനും അത് ആശുപത്രിയില്‍ നിന്നും ശ്മശാനത്തില്‍ എത്തിക്കാനുള്ള നടപടി മരിച്ച ആളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ ചെയ്യണം. പൊലീസ് ഇക്കാര്യം ഉറപ്പുവരുത്തണം.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറുള്ള കേസുകളില്‍ ആശുപത്രികളില്‍ നിന്നും അത് ബന്ധുക്കള്‍ക്ക് തന്നെ വിട്ടു കൊടുത്ത് വിവരം തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും എസ്.എച്ച്.ഒ യെയും അറിയിക്കേണ്ടതാണ്. ഇങ്ങനെ മൃതദേഹം ഏറ്റു വാങ്ങുന്നവര്‍ കൃത്യമായ പ്രോട്ടോകോള്‍ പാലിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കണം.
വീടുകളില്‍ എത്തിക്കുമ്പോള്‍ മൃതദേഹം ബാഗില്‍ നിന്ന് പുറത്തെടുക്കാനോ സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ പാടില്ല. കുട്ടികളോ 65 വയസ്സില്‍ കൂടുതല്‍ ഉള്ളവരോ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കരുത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍ കൈമാറണം. മൃതദേഹം സംസ്‌കരിക്കുന്നവര്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം.
ഇത്തരത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹവും വീട്ടുവളപ്പില്‍ സംസ്‌കരിക്കുന്നില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ സ്വീകരിക്കണം. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കോവിഡ് ഡെത്ത് മാനേജ്‌മെന്റ് ടീം രൂപീകരിച്ച് ടീം ലീഡറുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം.
കോവിഡ് രോഗികളുടെ മൃതദേഹം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കുന്നത് തീര്‍ത്തും അപകട രഹിതമാണെന്ന് ബോധവല്‍ക്കരണം നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനാവശ്യമായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൃത്യമായി നല്‍കണം.
ഉറ്റവരും ബന്ധുക്കളുമില്ലാതെ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കേണ്ട ചുമതല കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിക്കുന്ന മൃതദേഹവും കോര്‍പ്പറേഷന്‍ പരിധിയിലെ ശ്മശാനങ്ങളില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ കോവിഡ് ഡെത്ത് മാനേജ്‌മെന്റ് ടീം സ്വീകരിക്കണം.
ഈ കാര്യത്തില്‍ കോവിഡ് രോഗികളുടെ മൃതദേഹം എന്ന വിവേചനം പാടില്ല. ഇവ നിര്‍ദ്ദിഷ്ട പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അതത് ശ്മശാന ജീവനക്കാര്‍ക്ക് നല്‍കണം. മരണം സംഭവിച്ച് പരമാവധി 10 മണിക്കൂറിനകം കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതത് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെതാണ്.

Related Articles

Back to top button