IndiaLatest

സുവേന്ദു അധികാരി ബംഗാളിലെ പ്രതിപക്ഷനേതാവ്

“Manju”

കൊല്‍ക്കത്ത ; നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയെ ബംഗാളിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ബിജെപി . ബിജെപി എം‌എൽ‌എമാരുടെ യോഗത്തിലാണ് കേന്ദ്ര നിയമ, നീതിന്യായ മന്ത്രി രവിശങ്കർ പ്രസാദ് ഇക്കാര്യം അറിയിച്ചത്.

മമതാ ബാനര്‍ജി മന്ത്രിസഭയില്‍ മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ 43 അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു . പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയെ നിയമിക്കുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം ആഴത്തിലുള്ളതാകും. മമതയ്ക്ക് അധികാരത്തിന്റെ പടവുകൾ നൽകിയ നന്ദിഗ്രാമിൽ, അതിന് ചുക്കാൻപിടിച്ച സുവേന്ദു അധികാരിതന്നെ മമതയ്ക്ക് നിയമസഭയിൽ വെല്ലുവിളിയാകുന്നത് സംസ്ഥാനത്തും ചർച്ചകൾക്ക് വിഷയമാകും .

നന്ദിഗ്രാം ഉൾപ്പെടുന്ന തുംലോക് ലോക്‌സഭാ മണ്ഡലത്തെ രണ്ടുവട്ടം പ്രതിനിധീകരിച്ചിട്ടുണ്ട് സുവേന്ദു അധികാരി . അതുകൊണ്ട് തന്നെ ഈ മേഖലയിൽ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന വിശ്വാസവും പാർട്ടിക്കുണ്ട്. 1622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരി ഇത്തവണ നന്ദിഗ്രാമിൽ വിജയം ഉറപ്പിച്ചത് . മമതയും സുവേന്ദു അധികാരിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്

കഴിഞ്ഞ വർഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയില്ലെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു അധികാരി പ്രതിജ്ഞ ചെയ്തിരുന്നു .

നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ തന്‍റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ചാണ് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായി മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.

Related Articles

Back to top button