India

മദ്യത്തിന് പകരം ഹോമിയോ മരുന്ന് അമിതമായി കഴിച്ച് മൂന്ന് മരണം

“Manju”

റായ്പ്പൂർ: മദ്യത്തിന് പകരം ആൽക്കഹോളിന്റെ അംശം അധികം അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച മൂന്ന് പേർ മരിച്ചു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പ്പൂരിലാണ് സംഭവം. മരിച്ചവരിലൊരാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്ന് സിവിൽ ലൈൻ പോലീസ് ഓഫീസർ എസ്എച്ച്ഒ ആർ. കെ മിശ്ര പറഞ്ഞു. മനീഷ് വർമ്മ, ദൽവീർ സിംഗ് പർമാർ, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്.

മനീഷ് വർമ അയാളുടെ വീട്ടിൽ വെച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയുമാണ് മരണപ്പെടുന്നത്. കൊറോണ മൂലമാണ് മനീഷ് മരിച്ചതെന്ന് വിശ്വസിച്ച് കൊറോണ പ്രോട്ടോകോൾ പാലിച്ചാണ് ഇയാളെ സംസ്‌കരിച്ചത്. എന്നാൽ ബൽവീന്ദർ സിംഗിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മദ്യത്തിലെ വിഷമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടത്തിയത്.

മൂന്ന് പേരും ഒരുമിച്ച് മദ്യത്തിന് പകരം ഹോമിയോ മരുന്ന് കഴിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഇവരുടെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. അതേസമയം എന്ത് മരുന്നാണ് ഇവർ കഴിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

സമാനമായ സംഭവം മെയ് 4നും ആറിനും ഇടയിൽ ബിലാസ്പൂരിലും നടന്നിരുന്നു. മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോ സിറപ്പ് കഴിച്ച 9 പേരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 12 പേരാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിച്ചത്. എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരും ആയിരുന്നു.

Related Articles

Back to top button