IndiaKeralaLatest

ചില ലോക്ക്ഡൗൺ നമ്പരുകൾ

“Manju”

എല്ലാവരും കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോള്‍ വെയിലും മഴയും കൊണ്ട് പൊലീസുകാര്‍ നിരത്തിലിറങ്ങുന്നത് നാടിനു കരുതലേകാനാണ്. എന്നാല്‍ പൊലീസുകാരെ പറ്റിച്ച്‌ പുറത്തിറങ്ങാന്‍ ചിലര്‍ കാണിക്കുന്ന വിദ്യകള്‍ കേട്ടാല്‍ ആരും ചിരിച്ചു പോകും.
നട്ടാല്‍ കുരുക്കാത്ത കളവുകളാണ് ചിലര്‍ പറയുന്നത്. മരുന്നാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ചാര്‍ജറും പഴങ്ങളും കൊടുത്തയച്ച ക്രൂരതമാശകള്‍ വരെയുണ്ടായി. കാസര്‍കോട് നിന്നുള്ള ഇത്തരം ചില അനുഭവങ്ങള്‍.
ലോക്ഡൗണിന്റെ ആദ്യ ദിനം. അഡൂര്‍ ഭാഗത്തു നിന്ന് മുള്ളേരിയയിലേക്ക് പോവുകയായിരുന്ന കാറിന് ആദൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്തു വച്ച്‌ പൊലീസുകാര്‍ കൈ കാണിച്ചു. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്.
യാത്രക്കാരോട് സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് മറുപടി. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലെ അമ്മായിയുടെ വീട്ടിലേക്ക് പോയതാണെന്നായിരുന്നു മറുപടി; മാത്രമല്ല പൊലീസിനോട് തട്ടിക്കയറുകയും ചെയ്തു.
കാറിന്റെ ചില്ല് താഴ്ത്തി പരിശോധിച്ചപ്പോള്‍ അകത്ത് അതാ ഇരിക്കുന്നു ഒരു സുന്ദരന്‍ പൂച്ച. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ സത്യം പറഞ്ഞു. മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാന്‍ പോയത്.
ലോക്ഡൗണ്‍ ആയിട്ടും പയ്യന്നൂരില്‍ നിന്ന് മഞ്ഞംപാറയിലേക്ക് പൂച്ചയെ വാങ്ങാനെത്തിയ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എത്ര കള്ളങ്ങള്‍ പറഞ്ഞായിരിക്കും ഇവര്‍ ഇവിടെ വരെ എത്തിയതെന്നാണ് പൊലീസിന്റെ തന്നെ സംശയം.
∙ ജില്ലാ അതിര്‍ത്തിയിലെ ചെക്പോസ്റ്റിലാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടെ ബൈക്കില്‍ ഒരു യുവാവ് എത്തി. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ മരുന്ന് വാങ്ങാന്‍ പോവുകയാണെന്നായിരുന്നു ഉത്തരം. കുറിപ്പടി ചോദിച്ചപ്പോള്‍ കീശയില്‍ നിന്ന് എടുത്ത് നല്‍കി.
അത് നോക്കിയപ്പോഴാണ് പൊലീസ് ശരിക്കും അമ്ബരന്നത്!. 2018 ല്‍ ഡോക്ടര്‍ കുറിച്ചതാണെന്നു മാത്രമല്ല, പനിക്കുള്ള പാരസെറ്റമോളും മറ്റൊരു മരുന്നും. അപ്പോള്‍ തന്നെ തിരിച്ചയക്കുകയും ചെയ്തു. തിരിച്ചുപോകുമ്ബോള്‍ ഒരു സത്യം പറഞ്ഞു; കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ഇതു കാണിച്ചാണ് പലപ്പോഴും പോയിരുന്നത്.
∙ രണ്ടു ദിവസം മുന്‍പ് ഒരാള്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ചെറിയൊരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കെട്ടുമായി എത്തി. ടാറ്റ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് ഈ പൊതി നല്‍കണം.
കുറച്ചു മരുന്നുകളാണ്. പൊലീസ് അത് പെട്ടെന്ന് തന്നെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. അവിടത്തെ പൊലീസുകാര്‍ ഇത് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സത്യം മനസിലായത്.
അതിനുള്ളില്‍ കുറച്ച്‌ പഴങ്ങളും മൊബൈല്‍ ഫോണ്‍ ചാര്‍ജറും!. പൊലീസിന്റെ നല്ല മനസ്സിനെ പോലും ഇത്തരം അനുഭവങ്ങള്‍ വേദനിപ്പിക്കുമെന്നതില്‍ സംശയമില്ല.
കാസര്‍കോട് നഗരത്തിന്റെ അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സംഭവം. പരിശോധനയ്ക്കിടെ ബൈക്കില്‍ എത്തിയ ഫ്രീക്കനോട് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കാനെന്നായിരുന്നു മറുപടി.
എന്ത് സാധനം എന്നു ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ഒന്ന് താമസിച്ചു. പൊലീസുകാര്‍ക്ക് സംശയം തോന്നി വീട്ടിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഫോണെടുത്തത് അമ്മ. എന്തൊക്കെയാ വാങ്ങേണ്ടത് എന്നായിരുന്നു ഫോണ്‍ എടുത്ത ഉടന്‍ യുവാവിന്റെ ചോദ്യം.
കാര്യം മനസിലാകാത്തതിനാല്‍ നീ എവിടെ പോയതാ എന്നായിരുന്നു അമ്മയുടെ ചോദ്യം. ഇതോടെ യുവാവ് പറഞ്ഞത് കളവാണെന്ന് പൊലീസിന് മനസിലായി. അപ്പോള്‍ തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു.

Related Articles

Back to top button