KannurKeralaLatestMalappuramThiruvananthapuramThrissur

മണിമലയാറിലൂടെ ഓമന അമ്മ ഒഴുകിയത് മണിക്കൂറുകൾ; പിന്നിട്ടത് അൻപതിലേറെ കിലോമീറ്റർ.

“Manju”

പ്രത്യേക ലേഖകന്‍

തിരുവല്ല • കാലവർഷക്കുത്തൊഴുക്കിൽ മണിമലയാറിലൂടെ ഓമന എന്ന അമ്മ ഒഴുകി യത് മണിക്കൂറുകൾ; പിന്നിട്ടത് അൻപതിലേറെ കിലോമീറ്റർ.

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ മുറിയിലേക്കു പോയതാണ് മണിമല തൊട്ടിയിൽ വീട്ടിൽ ഓമനയും (68) മകൻ രാജേഷും. രാവിലെ ഉണർന്നപ്പോൾ അമ്മയെ വീട്ടിലും പരിസരത്തുമൊന്നും കാണാനില്ലാതെ പരിഭ്രമിച്ച രാജേഷ് മണിമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നു ഫോണെത്തി, അമ്മ അവിടെയുണ്ട്. ആശുപത്രിയിൽ പാഞ്ഞെത്തി.

പുലർച്ചെ മണിമലയാറ്റിലെ കുറ്റിപ്പുറത്തു കടവിൽ കുളിക്കാൻ പോയപ്പോൾ വീണു എന്നാണ് അമ്മ പറഞ്ഞതെന്ന് രാജേഷ്. ആറിന്റെ തീരത്താണ് വീട്. നന്നായി നീന്തൽ അറിയാവുന്ന ആളാണ് അമ്മ. എന്നും രാവിലെ ആറ്റിൽ കുളിക്കാൻ പോകാറുണ്ട്. ആറ്റിൽ മഴയത്തു പൊങ്ങിയ വെള്ളം ഇന്നലെ താഴ്ന്നിരുന്നു. തുണി കഴുകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണു എന്നാണ് അമ്മ പറഞ്ഞത്. ആറ്റിൽ കിടന്ന മുളയിൽ തലയടിച്ചാണ് വീണത്. ഒഴുക്കിൽപ്പെട്ടതോടെ ഈ മുളങ്കമ്പിൽ പിടിച്ചു കിടന്നു. എത്രനേരമെന്നോ എത്ര ദൂരമെന്നോ ഒന്നും ഓർമയില്ല.

കുറ്റൂർ റെയിൽവേ പാലത്തിൽ നിന്നു നോക്കിയവരാണ്, കലങ്ങിയൊഴുകുന്ന പുഴയിൽ പലവസ്തുക്കൾക്കിടയിൽ ഒരു മനുഷ്യരൂപം കണ്ടത്. മഴക്കാലത്ത് ഇത്തരം കാഴ്ചകൾ പതിവായതിനാൽ, ആദ്യം ഗൗനിച്ചില്ലെങ്കിലും പിന്നീട് അവർ അഗ്നിരക്ഷാസേനയ്ക്കും കുറ്റൂരിലെ വള്ളക്കാർക്കും വിവരം കൈമാറി. വിവരമറിഞ്ഞ് കുറ്റൂർ തയ്യിൽപള്ളത്ത് വർഗീസ് മത്തായി എന്ന റെജിയും പിതൃസഹോദരൻ ജോയിയും വള്ളവുമായി തോണ്ടറക്കടവിലിറങ്ങി. അപ്പോഴേക്കും ഒഴുകിയൊഴുകി ഓമന പാലത്തിനു സമീപമെത്തിയിരുന്നു. 100 മീറ്ററോളം വള്ളം തുഴഞ്ഞാണ് റെജിയും ജോയിയും അടുത്തെത്തിയത്.

പിടിച്ചു കയറ്റുമ്പോൾ ജീവനുണ്ടെന്നു മനസ്സിലായി. ഉടൻ ഓട്ടോയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപ്പോൾ ചെറിയ മയക്കത്തിലായിരുന്നു ഓമന. ആശുപത്രിയിലെത്തി അര മണിക്കൂറിനകം ബോധം വന്നു. മകന്റെ ഫോൺ നമ്പർ ഡോക്ടർക്ക് നൽകി.

താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഓമന അപകടനില തരണം ചെയ്തു. തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിന്റെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.

Related Articles

Back to top button